ന്യൂഡൽഹി : കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് നാഗ്പൂരിലേക്ക് വഴി തിരിച്ചു വിട്ടു. നാഗ്പൂർ വിമാനത്താവളത്തിൽ വിമാനം അടിയന്തര ലാൻഡിങ് നടത്തി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.
വിമാനത്തിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. മസ്കറ്റിൽ നിന്നും ഇന്ന് പുലർച്ചെ കൊച്ചിയിലേക്ക് എത്തിയ വിമാനമായിരുന്നു ഇത്. തുടർന്ന് രാവിലെ ഒമ്പതരയ്ക്ക് വിമാനം കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെടുകയായിരുന്നു. പരിശോധന നടപടികൾ തുടരുകയാണെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.
വിമാന നമ്പർ പ്രത്യേകം പരാമർശിച്ച ബോംബ് ഭീഷണി സന്ദേശം അധികൃതർക്ക് ലഭിച്ചതിനെ തുടർന്നാണ് ഡൽഹിയിലേക്ക് പോയിക്കൊണ്ടിരുന്ന വിമാനം നാഗ്പൂർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്. അധികൃതർക്ക് ഭീഷണി സന്ദേശം ലഭിക്കുമ്പോഴേക്കും വിമാനം കൊച്ചി വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നിരുന്നു. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ അനുസരിച്ച് ഉടൻ തന്നെ ആവശ്യമായ നടപടികൾ സ്വീകരിച്ചതായാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
Discussion about this post