വാഷിംഗ്ടൺ : ഇറാൻ ആണവായുധ ശേഷി കൈവരിക്കണമെങ്കിൽ ഇനിയും വർഷങ്ങൾ കാത്തിരിക്കണമെന്ന് യുഎസ് ഇന്റലിജൻസ്. ഇറാന്റെ ആണവ പദ്ധതികൾ ഇപ്പോഴും മൂന്നുവർഷം പുറകിലാണ്. അതായത് ഒരു മൂന്നുവർഷം കൂടി കഠിനമായി പ്രയത്നിച്ചാൽ മാത്രമേ ഇറാന് ആണവായുധം എന്ന യാഥാർത്ഥ്യത്തിലേക്ക് എത്താൻ കഴിയൂ എന്നും യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇറാൻ ആണവ ശേഷിയുടെ തൊട്ടരികിൽ എത്തിയതിനാലാണ് ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചത് എന്ന ഇസ്രായേൽ വാദം തള്ളിക്കൊണ്ടാണ് യുഎസ് ഇന്റലിജൻസ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇസ്രായേൽ ആക്രമണത്തിന് മുൻപ് തന്നെ ഇറാൻ ആണവായുധം നിർമ്മിക്കുന്നതിൽ മൂന്നുവർഷം പുറകിൽ ആയിരുന്നു എന്നാണ് ഇപ്പോൾ യുഎസ് ഇന്റലിജൻസ് സൂചിപ്പിക്കുന്നത്.
എന്നാൽ ഇറാന്റെ ആണവ കേന്ദ്രങ്ങളുടെ നിർണായക ഭാഗങ്ങൾ നശിപ്പിച്ച ഇസ്രായേൽ ആക്രമണത്തോടെ ഇറാൻ ആണവായുധം എന്ന തങ്ങളുടെ സ്വപ്ന പദ്ധതിയിൽ നിന്നും കൂടുതൽ അകലെയായിരിക്കുകയാണ്. യുറേനിയം സമ്പുഷ്ടമാക്കാൻ ആവശ്യമായ സെൻട്രിഫ്യൂജുകൾ സൂക്ഷിക്കുന്ന ഇറാന്റെ നതാൻസിലുള്ള കേന്ദ്രത്തിന് ഇസ്രായേൽ ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഒമ്പത് ആണവ ബോംബുകൾ നിർമ്മിക്കാൻ ആവശ്യമായ അളവിൽ ഇറാൻ യുറേനിയം സമ്പുഷ്ടമാക്കിയിട്ടുണ്ടെന്ന ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ആണവോർജ ഏജൻസി റിപ്പോർട്ടിന് പിന്നാലെയാണ് ഇസ്രായേൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചത്.
Discussion about this post