ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിലോ ഇന്ത്യ-പാകിസ്താൻ വെടിനിർത്തലിലോ ഒരു മൂന്നാം കക്ഷി ഇടപെടലും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് മോദി ഇക്കാര്യം എടുത്തു പറഞ്ഞത്. കശ്മീർ വിഷയത്തിൽ ഒരു തരത്തിലുള്ള മധ്യസ്ഥതയും ഒരിക്കലും സ്വീകരിച്ചിട്ടില്ല, ഇനി ഒരിക്കലും സ്വീകരിക്കുകയുമില്ല എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ഇന്ത്യയ്ക്കും പാകിസ്താനും ഇടയിൽ മൂന്നാം കക്ഷിയുടെ മധ്യസ്ഥത പരിഗണിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി മോദി ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കി. ഈ വിഷയത്തിൽ ഇന്ത്യയിൽ പൂർണ്ണമായ രാഷ്ട്രീയ ഐക്യമുണ്ട്. മെയ് 9-10 ദിവസങ്ങളിലെ രാത്രിയിൽ പാകിസ്താൻ നടത്തിയ ആക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. നിരവധി പാകിസ്താൻ സൈനിക ആസ്തികൾ നശിപ്പിക്കുകയും ചില വ്യോമതാവളങ്ങൾ പ്രവർത്തനരഹിതമാക്കുകയും ചെയ്തു. ഈ നിർണായക നടപടി ആണ് വെടിനിർത്തലിന് അപേക്ഷിക്കാൻ പാകിസ്താനെ നിർബന്ധിതരാക്കിയത് എന്നും മോദി വ്യക്തമാക്കി.
പാകിസ്താൻ ഒരു വലിയ ആക്രമണം നടത്തിയാൽ ഇന്ത്യ കൂടുതൽ തീവ്രതയോടെ പ്രതികരിക്കുമെന്ന് മെയ് 9 ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിനോട് മുന്നറിയിപ്പ് നൽകിയിരുന്നു. മോദി ഫോണിലൂടെ പങ്കുവെച്ച് വിശദാംശങ്ങൾ യുഎസ് പ്രസിഡന്റ് അംഗീകരിച്ചു. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് തങ്ങളുടെ പിന്തുണ എപ്പോഴും ഉണ്ടാകുമെന്നും ട്രംപ് ആവർത്തിച്ചു. ഇസ്രായേലും ഇറാനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. ജി7 ഉച്ചകോടിയിൽ നിന്നും ട്രംപിന് നേരത്തെ പോകേണ്ടിവന്ന സാഹചര്യത്തിലാണ് ഇരു നേതാക്കളും ഫോണിലൂടെ സംഭാഷണം നടത്തിയത്.
Discussion about this post