അമരാവതി : ആന്ധ്രപ്രദേശിൽ സുരക്ഷാസേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. അല്ലൂരി സീതാറാംരാജു ജില്ലയിലെ മരേഡുമില്ലി വനത്തിൽ വച്ചാണ് ബുധനാഴ്ച സുരക്ഷാസേനയും സിപിഐ (മാവോയിസ്റ്റ്) പാർട്ടി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. സിപിഐ മാവോയിസ്റ്റിന്റെ ഒരു കേന്ദ്ര കമ്മിറ്റി അംഗം ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്.
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയതെന്ന് പോലീസ് അറിയിച്ചു. മാരേടുമില്ലി പോലീസ് പരിധിയിലുള്ള ദേവിപട്ടണം വനമേഖലയിൽ മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. എലൈറ്റ് ഗ്രേഹൗണ്ട്സ് യൂണിറ്റ് ആണ് ഓപ്പറേഷന് നേതൃത്വം നൽകിയത്.
സുരക്ഷാസേനയുമായി ഉള്ള ഏറ്റുമുട്ടലിൽ കമ്മ്യൂണിസ്റ്റ് ഭീകര സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗം ഗജാർല രവി എന്ന ഉദയ് കൊല്ലപ്പെട്ടു. ഉന്നത വനിത മാവോയിസ്റ്റ് നേതാവ് അരുണ എന്ന രവി വെങ്കട ചൈതന്യ, മറ്റൊരു അജ്ഞാത മാവോയിസ്റ്റ് നേതാവ് എന്നിവരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഒഡീഷ അതിർത്തിയിലുള്ള ഛത്തീസ്ഗഡിലെ ഗരിയബന്ദിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗം പ്രതാപ്റെഡ്ഡി രാമചന്ദ്ര റെഡ്ഡി എന്ന ചലപതിയുടെ ഭാര്യയായിരുന്നു അരുണ.
Discussion about this post