ഗാന്ധിനഗർ : വിമാനാപകടത്തിന് പുറമേ ഗുജറാത്തിനെ കണ്ണീരിലാഴ്ത്തി പ്രളയവും. ഗുജറാത്തിലെ നിരവധി ജില്ലകളിൽ കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത്. സൗരാഷ്ട്ര മേഖലയിൽ കനത്ത മഴമൂലം പ്രളയം ഉണ്ടായി. മഴയും പ്രളയവും മൂലം കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 22 മരണമാണ് ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ചൊവ്വാഴ്ച സംസ്ഥാനത്തെ പല ജില്ലകളിലായി മഴയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ 18 പേർ മരിച്ചു.
ബുധനാഴ്ച ബോട്ടാഡ് ജില്ലയിൽ ഒമ്പത് യാത്രക്കാരുമായി പോയ വാഹനം നദിയിലേക്ക് ഒഴുകിപ്പോയതിനെ തുടർന്ന് നാല് പേർ മരിച്ചു, മൂന്ന് പേരെ കാണാതായതായി. സൗരാഷ്ട്ര മേഖലയിൽ അധികൃതർ ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ തുടരുകയാണ്.
മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി എൻഡിആർഎഫിനെ വിന്യസിച്ചു. ജുനഗഡ്, ദ്വാരക, പോർബന്തർ, അമ്രേലി, രാജ്‌കോട്ട്, ഭാവ്‌നഗർ, കച്ച്, വൽസാദ്, ഗാന്ധിനഗർ, സൂറത്ത്, പടാൻ എന്നിവിടങ്ങളിലാണ് കനത്ത മഴ ദുരിതം വിതച്ചിരിക്കുന്നത്. കനത്ത വെള്ളക്കെട്ട് മൂലം റോഡുകളെല്ലാം തടസ്സപ്പെട്ടിരിക്കുന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉന്നതതല അവലോകന യോഗം വിളിച്ചിട്ടുണ്ട്.
Discussion about this post