ന്യൂഡൽഹി : ആഗോള വിപണി ലക്ഷ്യമാക്കി ഫ്രഞ്ച് വിമാന നിർമ്മാണ കമ്പനിയായ ദസ്സോൾട്ടുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച് റിലയൻസ്. ദസ്സോൾട്ടിന്റെ ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ റിലയൻസ് സഹകരണത്തോടെ ഇന്ത്യയിൽ നിർമ്മിക്കും. മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിൽ ജെറ്റുകൾക്കായുള്ള അന്തിമ അസംബ്ലി ലൈൻ സ്ഥാപിക്കുമെന്ന് ഡസ്സോൾട്ട് ഏവിയേഷനും റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്ന് വ്യക്തമാക്കി.
ഇന്ന് പാരീസ് എയർ ഷോയിൽ വെച്ചാണ് റിലയൻസ് എയ്‌റോസ്ട്രക്ചർ ലിമിറ്റഡ് (ആർഎഎൽ) ഈ സഹകരണത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ദാസ്സാൾട്ട് ആദ്യമായാണ് ഒരു അസംബ്ലി ലൈൻ ഫ്രാൻസിന് പുറത്ത് സ്ഥാപിക്കുന്നത്. ഇന്ത്യയെ തന്ത്രപ്രധാനമായ ഒരു ആഗോള വ്യോമയാന കേന്ദ്രമാക്കി മാറ്റാൻ ഉള്ള ഒരു പുതിയ ചുവടുവെപ്പ് ആണിത്.
2028 ഓടെ കോർപ്പറേറ്റ്, സൈനിക ആവശ്യങ്ങൾക്കായി ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ ജെറ്റുകൾ എത്തിക്കാനാണ് ഫ്രഞ്ച് കമ്പനി ലക്ഷ്യമിടുന്നത്. “മെയ്ക്ക് ഇൻ ഇന്ത്യ പ്രതിജ്ഞാബദ്ധതകൾ നിറവേറ്റുന്നതിനും ആഗോള എയ്‌റോസ്‌പേസ് വിതരണ ശൃംഖലയിൽ ഇന്ത്യയെ ഒരു പ്രധാന പങ്കാളിയായി അംഗീകരിക്കുന്നതിന് സംഭാവന നൽകുന്നതിനുമുള്ള ഞങ്ങളുടെ ഉറച്ച ഉദ്ദേശ്യത്തെ ഒരിക്കൽ കൂടി വ്യക്തമാക്കുന്ന തീരുമാനമാണ് ഇത് ” എന്ന് ഡസ്സോൾട്ട് ഏവിയേഷൻ ചെയർമാനും സിഇഒയുമായ എറിക് ട്രാപ്പിയർ പറഞ്ഞു. ദസ്സാൾട്ട്- റിലയൻസ് സഹകരണത്തിന്റെ വാർത്ത പുറത്തുവന്നതിനെത്തുടർന്ന് റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഓഹരികൾ 5% ഉയർന്നു.
Discussion about this post