ഗാന്ധിനഗർ : അഹമ്മദാബാദ് വിമാന അപകടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇരയായ എട്ടുമാസം പ്രായമുള്ള കുഞ്ഞ് ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു. പരിക്കേറ്റവരിൽ ഏറ്റവും ഇളയവനായ ധ്യാന്‍ഷിന് 28% പൊള്ളലേറ്റിരുന്നു. സിവിൽ ആശുപത്രിയിലെ പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റിൽ (പിഐസിയു) ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ നില മെച്ചപ്പെട്ടതായി ഡോക്ടർമാർ വ്യക്തമാക്കി.
അഹമ്മദാബാദിൽ 270 ലധികം പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാനം AI171 തകർന്ന് ബിജെ മെഡിക്കൽ കോളേജിന്റെ റെസിഡൻഷ്യൽ കോംപ്ലക്സിലേക്ക് ഇടിച്ചുകയറിയ അപകടത്തിൽ ധ്യാന്‍ഷിനും അമ്മ മനീഷക്കും പരിക്കേറ്റിരുന്നു. ഡോക്ടർ ദമ്പതികളായ കുഞ്ഞിന്റെ അച്ഛനമ്മമാർ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് ആണ് വിമാനം ഇടിച്ചു കയറിയത്. ധ്യാന്‍ഷിന്റെ പിതാവ് ഡോ. കപില്‍ യൂറോളജിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി എം.സി.എച്ച്. പഠനം നടത്തുകയാണ്. അമ്മ ഡോ. മനീഷ ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്ന ഹോമിയോപ്പതി ഡോക്ടറാണ്.
വിമാനാപകടം നടക്കുന്ന സമയം അമ്മയും കുഞ്ഞും മാത്രമായിരുന്നു ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. ഫ്ലാറ്റിലും കെട്ടിടത്തിലും തീ പടർന്നതോടെ മനീഷ കുഞ്ഞിനെയും എടുത്തു കൊണ്ട് താഴത്തെ നിലയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടുന്നതിനിടയിലും മനീഷയുടെ കാലുകൾക്ക് ഗുരുതരമായി പൊള്ളലേറ്റു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മനീഷ സുഖം പ്രാപിച്ചു വരികയാണെന്നും ഇവരെ ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റിയതായും ഡോ. കപിൽ അറിയിച്ചു.
Discussion about this post