ന്യൂഡൽഹി : ഇറാനിൽ നിന്നും ആദ്യ ബാച്ച് ഇന്ത്യൻ സംഘത്തെ ന്യൂഡൽഹിയിൽ എത്തിച്ചതിന് ശേഷം ‘ഓപ്പറേഷൻ സിന്ധു’ ഇനി ഇസ്രായേലിലേക്ക്. ഇസ്രായേലിലെ യുദ്ധ ബാധിത മേഖലകളിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ തിരികെ കൊണ്ടുവരാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയെന്ന് ഇന്ത്യ അറിയിച്ചു. ഇസ്രായേലിലുള്ള ഇന്ത്യൻ പൗരന്മാരെ കര അതിർത്തി വഴി പുറത്തെത്തിച്ച് പിന്നീട് വിമാനമാർഗ്ഗം ന്യൂഡൽഹിയിലേക്ക് എത്തിക്കും എന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുള്ളത്.
“ഇസ്രായേലിനും ഇറാനും ഇടയിലുള്ള സമീപകാല സംഭവവികാസങ്ങൾ കണക്കിലെടുത്ത്, ഇസ്രായേൽ വിടാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാരെ അവിടെ നിന്ന് ഒഴിപ്പിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു. ഇസ്രായേലിൽ നിന്ന് ഇന്ത്യയിലേക്കുള്ള അവരുടെ യാത്ര കര അതിർത്തികളിലൂടെയും തുടർന്ന് ഇന്ത്യയിലേക്ക് വിമാനമാർഗ്ഗവും സുഗമമാക്കും” എന്ന വിദേശകാര്യമന്ത്രാലയം പങ്കുവെച്ച എക്സ് പോസ്റ്റിൽ വ്യക്തമാക്കി.
ടെൽ അവീവിലെ ഇന്ത്യൻ എംബസി വഴിയായിരിക്കും ഇസ്രായേലിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരുടെ ഒഴിപ്പിക്കൽ നടത്തുക. ഇസ്രായേലിൽ നിന്നും മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരോടും ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.(https://www.indembassyisrael.gov.in/indian_national_reg) എന്ന പോർട്ടലിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. സംശയനിവാരണങ്ങൾക്കായി +972 54-7520711; +972 54-3278392 എന്ന ടെലഫോൺ നമ്പറുകളിലോ cons1.telaviv@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
Discussion about this post