ശ്രീനഗർ : 2025 ഏപ്രിൽ 22 ന് ജമ്മുകശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പങ്കെടുത്ത ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഭീകരർക്ക് അഭയം നൽകിയതിന് രണ്ട് കശ്മീർ സ്വദേശികളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. 26 വിനോദസഞ്ചാരികളുടെ മരണത്തിനും 16 പേർക്ക് പരിക്കേൽക്കുന്നതിനും കാരണമായ ഭീകരാക്രമണം നടത്തിയ പാകിസ്താൻ ഭീകരർക്ക് താമസം, ഭക്ഷണം, ലോജിസ്റ്റിക്കൽ സഹായം എന്നിവ നൽകിയത് കണ്ടെത്തിയതിന് തുടർന്നാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
പഹൽഗാമിലെ ബട്കോട്ടിൽ നിന്നുള്ള പർവൈസ് അഹമ്മദ് ജോത്തർ, പഹൽഗാമിലെ ഹിൽ പാർക്കിൽ നിന്നുള്ള ബഷീർ അഹമ്മദ് ജോത്തർ എന്നിവരാണ് അറസ്റ്റിൽ ആയിട്ടുള്ളത്. ചോദ്യം ചെയ്യലിൽ ഇവർ ഭീകരരെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയതായി ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. നിരോധിത ലഷ്കർ ഇ തൊയ്ബ സംഘടനയുമായി ബന്ധമുള്ള പാകിസ്താൻ പൗരന്മാരാണ് ഭീകരാക്രമണം നടത്തിയവർ എന്ന് കണ്ടെത്തിയിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ മുഴുവൻ ഗൂഢാലോചനയും പുറത്തു കൊണ്ടുവരുന്നത് അതിനുള്ള ശ്രമങ്ങൾ ദേശീയ അന്വേഷണ ഏജൻസി തുടരുകയാണ്. 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ സെക്ഷൻ 19 പ്രകാരമാണ് ഇപ്പോൾ അറസ്റ്റിലായ രണ്ട് കശ്മീർ സ്വദേശികൾക്കെതിരെ എൻഐഎ കേസെടുത്തിരിക്കുന്നത്.
Discussion about this post