കോട്ടയം : കോട്ടയം കൂട്ടിക്കലിൽ നടന്ന ഉരുൾപൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ടവർക്ക് സ്നേഹത്തിന്റെ കരുതലുമായി സേവാഭാരതി. ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 12 കുടുംബങ്ങൾക്കാണ് സേവാഭാരതി വീട് നിർമ്മിച്ചു നൽകിയത്. ഇൻഫോസിസ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. 2021 ഒക്ടോബർ 21 നാണ് കൂട്ടിക്കൽ കൊക്കയാറിൽ ഉരുൾപൊട്ടൽ ഉണ്ടായി നിരവധി കുടുംബങ്ങൾക്ക് വീടുകൾ നഷ്ടപ്പെട്ടിരുന്നത്. സ്വന്തമായി ഭൂമിയുണ്ടായിരുന്ന നാലു കുടുംബങ്ങൾക്ക് നേരത്തെ തന്നെ വീട് നിർമ്മിച്ചു നൽകിയിരുന്നു. തുടർന്ന് ഭൂമിയില്ലാത്ത എട്ട് കുടുംബങ്ങൾക്കായി കൊടുങ്ങയിൽ 50 സെന്റ് സ്ഥലം വാങ്ങിയ ശേഷമാണ് 8 പുതിയ വീടുകൾ നിർമ്മിച്ചു നൽകിയത്.
സേവാഭാരതിയുടെ ‘തലചായ്‌ക്കാൻ ഒരിടം’ പദ്ധതിയുടെ ഭാഗമായാണ് ദുരിതബാധിതർക്ക് ഉള്ള വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. അഞ്ച് സെന്റിൽ 9.5 ലക്ഷം രൂപ ചെലവഴിച്ചാണ് ഓരോ വീടും നിർമ്മിച്ചിട്ടുള്ളത്. വസ്തുവിന്റെയും വീടിന്റെയും ഉടമസ്ഥാവകാശവും ക്രയവിക്രയവും പൂർണ്ണമായും ദുരന്തബാധിത കുടുംബങ്ങൾക്കാണ്.
സേവാഭാരതി നിർമ്മിച്ച 8 വീടുകളുടെ താക്കോൽദാനം കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ നിർവഹിച്ചു. കൊടുങ്ങ സുബ്രമണ്യസ്വാമി ക്ഷേത്ര മൈതാനിയിൽ വെച്ച് സംപൂജ്യ ഗരുഡധ്വജാനന്ത തീർത്ഥപാദരുടെ സാന്നിധ്യത്തിലാണ് താക്കോൽ കൈമാറ്റ ചടങ്ങ് നടന്നത്. രാഷ്‌ട്രീയ സ്വയം സേവകസംഘം ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദർശൻ, കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോൺ ജോർജ്, സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷൻ രഞ്ജിത് വിജയഹരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സേവാഭാരതി നിർമ്മിച്ചു നൽകിയ വീടുകളിൽ സന്ദർശനം നടത്തി ഉച്ചഭക്ഷണവും കഴിച്ച ശേഷമാണ് ഗവർണർ മടങ്ങിയത്.
Discussion about this post