ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ ദുരിതത്തിൽ ആയിരിക്കുന്നത് കേരളത്തിൽ നിന്ന് അടക്കമുള്ള പ്രവാസി സമൂഹമാണ്. ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഖത്തറും ബഹ്‌റൈനും കുവൈറ്റും വ്യോമപാത അടച്ചു. ഇതോടെ ഈ മേഖലകളിലേക്കുള്ള വ്യോമഗതാഗതം പൂർണമായും നിലച്ചു. എയർ ഇന്ത്യ ഗൾഫിലേക്കുള്ള സർവീസുകൾ റദ്ദാക്കിയതായി വ്യക്തമാക്കിയിട്ടുണ്ട്.
ഗൾഫ് മേഖലകളിലേക്ക് യാത്ര ചെയ്യാനിരിക്കുന്ന ധാരാളം പേരെയാണ് പ്രതിസന്ധി ബാധിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർ അതത് എയർലൈൻകളുമായി ബന്ധപ്പെടണമെന്ന് അറിയിപ്പുണ്ട്. ഇന്നലെ രാത്രി ഖത്തറിലേക്ക് പുറപ്പെട്ടിരുന്ന ഖത്തർ എയർവെയ്സ് വിമാനം മസ്കറ്റിലേക്ക് വഴി തിരിച്ചു വിട്ടിരുന്നു. ഇന്ന് കൊച്ചിയിൽ നിന്നും ഖത്തറിലേക്ക് പോകാനിരുന്ന ഖത്തർ എയർവെയ്സ് വിമാനവും റദ്ദാക്കി. തിരുവനന്തപുരത്തു നിന്നും ബഹറിനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചു വന്നിട്ടുണ്ട്.
ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുറത്തിറങ്ങരുതെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു. ഖത്തറിലെ അല്‍-ഉദൈദിലെ യുഎസ് വ്യോമ താവളം ലക്ഷ്യമാക്കിയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. സൗദി അറേബ്യ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളും ഇറാൻ ഖത്തറിൽ നടത്തിയ ആക്രമണത്തെ അപലപിച്ചു.
Discussion about this post