ന്യൂഡൽഹി : അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നാണ് അടിയന്തരാവസ്ഥയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനെയാണ് അടിയന്തരാവസ്ഥ നശിപ്പിച്ചത്. അത് ഒരു ഇന്ത്യക്കാരനും മറക്കാൻ കഴിയില്ല എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായ അടിയന്തരാവസ്ഥ ഏർപ്പെടുത്തപ്പെട്ടിട്ട് ഇന്ന് അമ്പത് വർഷം തികയുന്നു. ഇന്ത്യയിലെ ജനങ്ങൾ ഈ ദിവസത്തെ സംവിധാൻ ഹത്യ ദിവസ് ആയി ആചരിക്കുന്നു.1975 ലെ ഈ ദിവസം ഭരണഘടനയിലെ മൂല്യങ്ങൾ അട്ടിമറിക്കപ്പെട്ടു. രാജ്യത്തെ ജനങ്ങളുടെ മൗലികാവകാശങ്ങൾ ഇല്ലാതാക്കപ്പെട്ടു. പത്രസ്വാതന്ത്ര്യം ഇല്ലാതാക്കി, നിരവധി രാഷ്ട്രീയ നേതാക്കൾ, സാമൂഹിക പ്രവർത്തകർ, വിദ്യാർത്ഥികൾ, സാധാരണ പൗരന്മാർ എന്നിവരെ ജയിലിലടച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള അന്നത്തെ കോൺഗ്രസ് സർക്കാർ ജനാധിപത്യത്തെ ആണ് അറസ്റ്റ് ചെയ്തത് എന്നും മോദി വിശേഷിപ്പിച്ചു.
അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടത്തിൽ ഉറച്ചുനിന്ന എല്ലാവരെയും അഭിവാദ്യം ചെയ്യുന്നതായി പ്രധാനമന്ത്രി അറിയിച്ചു. പാർലമെന്റിന്റെ ശബ്ദം അടിച്ചമർത്തപ്പെട്ടതും കോടതികളെ നിയന്ത്രിക്കാൻ ശ്രമിച്ചതും ഒരു ഇന്ത്യക്കാരനും ഒരിക്കലും മറക്കില്ല. ഭരണഘടനയുടെ 42-ാം ഭേദഗതി അവരുടെ കുതന്ത്രങ്ങളുടെ ഒരു പ്രധാന ഉദാഹരണമാണ്. ദരിദ്രരെയും, അരികുവൽക്കരിക്കപ്പെട്ടവരെയും, അടിച്ചമർത്തപ്പെട്ടവരെയും അവർ ലക്ഷ്യം വെച്ചു. അവരുടെ അന്തസ്സിനെ തന്നെ ഇല്ലാതാക്കി. നമ്മുടെ ഭരണഘടനയിലെ തത്വങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിക്ഷിത് ഭാരതം എന്ന നമ്മുടെ ദർശനം സാക്ഷാത്കരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്നതിനുമുള്ള പ്രതിബദ്ധത ഞങ്ങൾ ആവർത്തിക്കുന്നു. നമുക്ക് പുരോഗതിയുടെ പുതിയ ഉയരങ്ങൾ താണ്ടാനും ദരിദ്രരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും കഴിയട്ടെ, എന്നും മോദി സൂചിപ്പിച്ചു.
Discussion about this post