ഇസ്ലാമാബാദ് : പാകിസ്താൻ ആർമി മേജർ മോയിസ് അബ്ബാസ് ഷാ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തെക്കൻ വസീരിസ്ഥാൻ മേഖലയിൽ തെഹ്രീക്-ഇ-താലിബാൻ പാകിസ്താനുമായുള്ള (ടിടിപി) ഏറ്റുമുട്ടലിൽ ആണ് 37 കാരനായ മോയിസ് അബ്ബാസ് ഷാ കൊല്ലപ്പെട്ടത്.
2019 ലെ ബാലകോട്ട് വ്യോമാക്രമണത്തിന് ശേഷം ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ പിടികൂടിയത് മേജർ മോയിസ് അബ്ബാസ് ഷാ ആയിരുന്നു.
പാകിസ്താൻ സൈന്യത്തിലെ എലൈറ്റ് സ്‌പെഷ്യൽ സർവീസ് ഗ്രൂപ്പ് അംഗമായ ഷാ ഭീകരവിരുദ്ധ ഓപ്പറേഷന് നേതൃത്വം നൽകുന്നതിനിടെയാണ് മരിച്ചത്. വെടിവയ്പ്പിൽ മറ്റൊരു സൈനികനായ ലാൻസ് നായിക് ജിബ്രാനുല്ലയും കൊല്ലപ്പെട്ടതായി പാകിസ്താൻ സൈന്യം സ്ഥിരീകരിച്ചു. പാകിസ്താനിൽ ഈ വർഷം മാത്രം ടിടിപി നടത്തിയ ആക്രമണങ്ങളിൽ 116 പാക് സൈനികർ ആണ് കൊല്ലപ്പെട്ടത്. 2024 ൽ 1200 ലധികം സൈനികരും പോലീസുകാരും ആണ് ടിടിപി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നത്.
ഒരുകാലത്ത് പാകിസ്താൻ ഭരണകൂടം അഭയം നൽകുകയും പരിശീലനം നൽകുകയും ചെയ്ത ടിടിപി ഇപ്പോൾ രാജ്യത്തിന്റെ തന്നെ സുരക്ഷാ സംവിധാനത്തിന് വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. പാകിസ്താനിലെ ഷിയ ന്യൂനപക്ഷത്തെ ലക്ഷ്യം വയ്ക്കാനായിരുന്നു തെഹ്രീക്-ഇ-താലിബാൻ പാകിസ്താനെ പാക് ഭരണകൂടം വളർത്തിക്കൊണ്ടുവന്നത്. ഇപ്പോൾ ഈ ഭീകര സംഘടന പാകിസ്താനെതിരെ തന്നെ തിരിഞ്ഞിരിക്കുകയാണ്. അതേസമയം ഇന്ത്യ സ്പോൺസർ ചെയ്ത ടിടിപി തീവ്രവാദികളാണ് ആക്രമണങ്ങൾ നടത്തുന്നത് എന്നാണ് പാകിസ്താൻ ആരോപിക്കുന്നത്.
Discussion about this post