റിലയൻസ് ജിയോ സാമ്പത്തികമായി പരാജയപ്പെടുമെന്ന് സാമ്പത്തികവിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് വെളിപ്പെടുത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനിടെ താൻ എടുത്ത ഏറ്റവും വലിയ ‘റിസ്‌ക്’ ജിയോ ആയിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
സാമ്പത്തികമായി പരാജയപ്പെട്ടിരുന്നുവെങ്കിൽ പോലും, ഇന്ത്യയെ ഡിജിറ്റലായി പരിവർത്തനം ചെയ്തതുകൊണ്ട് അത് റിലയൻസിന്റെ ഏറ്റവും വലിയ ‘ധർമ്മം’ ആകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
”കടുത്ത മത്സരം നിറഞ്ഞ ഇന്ത്യയുടെ ടെലികോം വിപണിയിലേക്കാണ് 2016ൽ ജിയോ എത്തിയത്. 2,500 കോടി ഡോളറായിരുന്നു നിക്ഷേപം. ഏകദേശം രണ്ടുലക്ഷം കോടി രൂപ. അത് സ്വന്തം പണമായിരുന്നു. ഞാനായിരുന്നു ഏറ്റവും വലിയ ഓഹരി ഉടമ.വലിയ റിസ്‌കാണ് റിലയൻസ് എടുത്തത്. അന്നു ഞാൻ ഡയറക്ടർമാരുടെ യോഗത്തിൽ പറഞ്ഞു – ഈ നിക്ഷേപത്തിൽ നിന്ന് നേട്ടം (റിട്ടേൺ) കിട്ടണമെന്നില്ല. സാരമില്ല, അതു നമ്മുടെ പണമാണ്. ഡിജിറ്റൽ ഇന്ത്യയ്ക്കുവേണ്ടി ഈ റിസ്‌ക് നമ്മളെടുക്കും”. ജിയോയുടെ രാജ്യാമെമ്പാടുമുള്ള സ്വീകാര്യതയിലൂടെ ആ ലക്ഷ്യം നേടിയെന്നും ഇന്ത്യയെന്ന് ‘ഡിജിറ്റൽ ഇന്ത്യ’ ആകുമെന്ന നിരവധി പേരുടെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.വളർച്ചയാണ് റിലയൻസിന്റെ ലക്ഷ്യം. രാജ്യത്തിനായി റിലയൻസിന്റെ ഏറ്റവും വലിയ ‘ജനക്ഷേമ പദ്ധതി’ ആയിരുന്നു ജിയോയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post