പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് വേണ്ടി വർഷങ്ങളോളം ചാരവൃത്തി നടത്തിയ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ന്യൂഡൽഹിയിലെ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥനായ വിശാൽ യാദവിനെയാണ് രാജസ്ഥാൻ പോലീസിന്റെ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്.
പാകിസ്താൻ ഇന്റലിജൻസ് ഏജൻസിയായ ഐഎസ്ഐക്ക് വേണ്ടി വർഷങ്ങളോളം ചാരപ്പണി നടത്തിയതായും ഓപ്പറേഷൻ സിന്ദൂരിനിടെ പോലും ചാരപ്പണി നടത്തിയതായും വിവരങ്ങളുണ്ട്. വിശാൽ യാദവ് നാവികസേനയുമായും മറ്റ് പ്രതിരോധ യൂണിറ്റുകളുമായും ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്താൻകാരിയായ ഒരു സ്ത്രീക്ക് കൈമാറി.
പ്രിയ ശർമ എന്ന് സ്വയം വിളിക്കുന്ന ഈ സ്ത്രീ ഐഎസ്‌ഐയുടെ ഏജന്റ് എന്നാണ് വിവരം. തന്ത്രപ്രധാനമായ വിവരങ്ങൾ നൽകിയതിന് പകരമായി ഇയാൾ പണം കൈപ്പറ്റിയിരുന്നുവെന്നു മൊബൈൽ ഫോൺ പരിശോധനയിൽ കണ്ടെത്തി.
വിശാൽ യാദവ് ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നുവെന്നും ഇതുവഴി അദ്ദേഹത്തിനുണ്ടായ ഭീമമായ നഷ്ടം നികത്താൻ ഈ പണം ആവശ്യമായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ക്രിപ്റ്റോകറൻസി ട്രേഡിങ് അക്കൗണ്ട് വഴിയും നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്കും വിശാൽ യാദവ് പണം സ്വീകരിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Discussion about this post