നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അപായപ്പെടുത്താൻ പദ്ധതിയിട്ടവരുടെ ഹിറ്റ്‌ലിസ്റ്റ് പുറത്തുവിട്ടതിന് പിന്നാലെ പിഎഫ്‌ഐയുടെ രാഷ്ട്രീയലക്ഷ്യങ്ങളെക്കുറിച്ചും കോടതിയെ അറിയിച്ച് എൻഐഎ. എസ്ഡിപിഐയെ നിർണായക ശക്തിയാക്കി, ജുഡീഷ്യറിയിലും സൈന്യത്തിലും പോലീസിലുമെല്ലാം സ്വാധീനമുണ്ടാക്കി, 2047 -ാടെ ഇസ്ലാമിക ഭരണഘടന നടപ്പിലാക്കുകയാണ് പിഎഫ്‌ഐ പദ്ധതി എന്നാണ് എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
എസ്ഡിപിഐയെ മുസ്ലീം സമുദായത്തെ മൊത്തത്തിൽ നിയന്ത്രിക്കാൻ കഴിയുന്നത്ര നിർണായക ശക്തിയായി മാറ്റണം എന്നതാണ് സംഘടനയുടെ ഒരു ലക്ഷ്യമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. റിപ്പോർട്ടേഴ്‌സ് വിങ്, ആംസ് ട്രെയിനിങ് വിങ്, സർവീസ് വിങ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായിട്ടാണ് പ്രവർത്തനം. വളരെ രഹസ്യമായാണ് റിപ്പോർട്ടേഴ്സ് വിങ് പ്രവർത്തിക്കുക. അപായപ്പെടുത്തേണ്ടവരുടെ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കുന്നതും ഇവരാണ്. കൃത്യമായ ഇടവേളകളിൽ ഈ ലിസ്റ്റ് അപ്ഡേറ്റ് ചെയ്തിരുന്നു. ഹിറ്റ്‌ലിസ്റ്റിൽ ഉള്ളവരെ അക്രമിക്കാനായി പരിശീലനം നൽകുക എന്നതാണ് ആംസ് ട്രെയിനിങ് വിങ്ങിന്റെ ചുമതല. സർവീസ് വിങിനെയാണ് ലിസ്റ്റിലുള്ളവരെ അപായപ്പെടുത്താൻ ചുമതലപ്പെടുത്തിയിരുന്നത്
ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനും 2047 ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാനുമുള്ള അജണ്ടയായിരുന്നു പോപ്പുലർ ഫ്രണ്ടിനുണ്ടായിരുന്നത്. ഇതിനായി ഘട്ടംഘട്ടമായുള്ള പദ്ധതികൾ തയാറാക്കി പ്രവർത്തിച്ചു. പിഎഫ്ഐയുടെ പതാകയ്ക്ക് കീഴിൽ മുസ്ലീങ്ങളെ ഒന്നിപ്പിക്കുക, രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐ വഴി എസ്സി/എസ്ടി/ഒബിസി എന്നിവരുമായി അടുത്ത സഖ്യം സ്ഥാപിക്കുക, കുറച്ച് സീറ്റുകളിൽ തിരഞ്ഞെടുപ്പ് വിജയിക്കുക എന്നിവയാണ് അവർ ഉദ്ദേശിച്ചത്. തുടക്കത്തിൽ വിഭാഗങ്ങൾക്കിടയിൽ പിളർപ്പ് സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി. നാലാമത്തെയും അവസാനത്തെയും ഘട്ടത്തിൽ, മറ്റ് എല്ലാ മുസ്ലീം സംഘടനകളെയും മാറ്റിനിർത്താനും രാഷ്ട്രീയ അധികാരം നേടാനുമായിരുന്നു പദ്ധതി.
നീതിന്യായ വ്യവസ്ഥയിലും സൈന്യത്തിലും പോലീസിലും വിശ്വസ്തരായ കേഡർമാരെ നിയോഗിക്കുക, പിഎഫ്ഐയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ ഇല്ലാതാക്കുക, ഇസ്ലാമിക തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള പുതിയ ഭരണഘടന പ്രഖ്യാപിക്കാൻ ആയുധങ്ങൾ ശേഖരിക്കുക എന്നിവയിലൂടെ മുഴുവൻ മുസ്ലീം സമൂഹത്തിന്റെയും അനിഷേധ്യ നേതൃതലത്തിലേക്ക് പിഎഫ്‌ഐ മാറണമെന്നും പദ്ധതിയിട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post