കനത്ത നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാറിന് സമ്മതിച്ചിരിക്കുകയാണ് ഇറാൻ. എന്നിരുന്നാൽ പോലും അപ്രതീക്ഷിതമായി രാജ്യത്തിനകത്ത് സംഭവിച്ച ആക്രമണത്തിലേക്ക് നയിച്ചവരെ പിന്തുടരുകയാണ് മതഭരണകൂടും. കൂടെ നിന്ന് ഒറ്റിയവരെയും മൊസാദ് ചാരന്മാരെയും തിരഞ്ഞ് ഇറാനിയൻ തെരുവുകളിലും ഗ്രാമങ്ങളിലുമെല്ലാം പോലീസ് റോന്ത് ചുറ്റുകയാണ്. പിടിയിലാവുന്ന ചാരന്മാരെ കാത്തിരിക്കുന്നതാകട്ടെ കടുത്ത ശിക്ഷയും അടുത്തിടെ മൂന്ന് പേരെയാണ് ഇറാൻ തൂക്കിലേറ്റിയത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇറാനെതിരെ ഇസ്രായേലിനുവേണ്ടി പ്രവർത്തിച്ച ഒരു ചാരവനിതയുടെ പേരാണ് ചർച്ചയാവുന്നത്. ഫ്രഞ്ച് മാദ്ധ്യമപ്രവർത്തകയായ കാതറിൻ പെരേസ് ഷക്ദം ആണ് ആ യുവതി. രഹസ്യചാര വനിതയായി രണ്ടുവർഷം മുൻപാണ് ഇവർ ഇറാനിൽ എത്തിയത്. ഇറാന്റെ അതീവരഹസ്യങ്ങൾ കൈമാറി ഇസ്രയേലിന്റെ ഓപ്പറേഷനുകൾ വിജയകരമാക്കാൻ സഹായിച്ചത് കാതറിൻ ആയിരുന്നുവത്രേ.
ഫ്രാൻസിലെ ഒരു ജൂതകുടുംബത്തിലാണ് കാതറിന്റെ ജനനം. ലണ്ടൻ സർവകലാശാലയിലെ പഠനകാലത്ത് കണ്ടുമുട്ടിയ മുസ്ലീം യെമനിയായിരുന്നു കാതറിന്റെ ഭർത്താവ്. വിവാഹത്തിന് മുന്നോടിയായി ഇവർ ഇസ്ലാം മതം സ്വീകരിച്ചു. എന്നാൽ 2014ൽ ഇരുവരും വേർപിരിഞ്ഞു.2017ലാണ് കാതറിൻ ഇറാനിലെത്തിയത്. റഷ്യൻ ടെലിവിഷൻ സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് കാതറിൻ ഇ ഇറാനിയൻ നേതാക്കളെ ആദ്യമായി കണ്ടുമുട്ടിയത്. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയി, മുൻ ക്വുഡ്സ് ഫോഴ്സ് കമാൻഡർ സുലൈമാനി, മുൻ പ്രസിഡന്റ് ഇബ്രാഹിം റൈസി എന്നിവരെയും കാതറിൻ പരിചയപ്പെട്ടു. ഖമനേയിയുടെ വെബ്സൈറ്റായ ഖമനി ഡോട്ട് ഐആറിൽ ബ്‌ളോഗറാവുകയും ചെയ്തു.
ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സുമായുള്ള ബന്ധമാണ് ഇറാന്റെ അതീവ രഹസ്യവിവരങ്ങൾ ചോർത്താൻ കാതറിനെ സഹായിച്ചത്.യെമനിലെ മുൻ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ കൺസൾട്ടന്റായ അവർ, ഇസ്ലാമിക ഭീകരത, റാഡിക്കലൈസേഷൻ, സെമിറ്റിസം എന്നിവയെക്കുറിച്ചുള്ള പ്രവർത്തനങ്ങൾക്കും പേരുകേട്ടയാളാണ്. ഇറാൻ ചാരവൃത്തി കണ്ടെത്തിയപ്പോഴേക്കും കാതറിൻ രാജ്യം വിട്ടിരുന്നു. നിലവിൽ കാതറിൻ എവിടെയാണെന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല.










Discussion about this post