നാഗ്പൂര്‍: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ സൂപ്പര്‍ ടെന്‍ റൗണ്ട് പോരാട്ടങ്ങള്‍ക്ക് ഇന്ത്യയും ന്യൂസീലന്‍ഡ് മത്സരത്തോടെ ഇന്ന് തുടക്കമാകും. നാഗ്പൂരില്‍ ജംതയിലെ വി.സി.എ. സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് 7.30 മുതലാണ് മത്സരം.
ഇന്ത്യന്‍ ടീം മികച്ച ഫോമിലാണ്. ഏതുടീമിനേയും തോല്‍പ്പിക്കാനാവുമെന്ന് കഴിഞ്ഞ കുറെ മത്സരങ്ങളിലൂടെ ടീം ഇന്ത്യ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ എതിരാളികള്‍ ചില്ലറക്കാരല്ല. ടൂര്‍ണമെന്റ് ജയിക്കാന്‍ സാധ്യതയുള്ള ടീമുകളില്‍ ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനമാണ് കിവികള്‍ക്ക് ക്രിക്കറ്റ് പണ്ഡിതര്‍ നല്‍കിയിട്ടുള്ളത്.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒന്നുപോലെ തിളങ്ങുന്നു എന്നതുതന്നെയാണ് മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലുള്ള ടീമിന്റെ ശക്തി. ശിഖര്‍ ധവാന്, രോഹിത് ശര്‍മ, വിരാട് കോലി എന്നിവരടങ്ങുന്ന ടോപ്പ് ഓര്‍ഡര്‍ മികച്ച ഫോമിലാണ്. മധ്യനിരയിലെ അജിങ്ക്യ രഹാനെ, റെയ്ന, യുവരാജ് എന്നിവര്‍ കൂടി ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യയെ തോല്‍പ്പിക്കുക പ്രയാസകരമാണ്.
വെടിക്കെട്ടുതാരം ബ്രെണ്ടന്‍ മെക്കല്ലം ഇല്ലാതെയാണ് ന്യൂസീലന്‍ഡ് ലോകകപ്പിനിറങ്ങുന്നത്. എന്നാല്‍ മെക്കല്ലം ഇല്ലെങ്കിലും ടീം ശക്തരാണ്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ടി20 മത്സരം ലോകകപ്പിലൂടെ നാഗ്പൂരില്‍ എത്തുന്നത്. 2009ല്‍ നടന്ന മത്സരത്തില്‍ ശ്രീലങ്ക 29 റണ്‍സിന് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ശ്രീലങ്കയെടുത്ത 215 റണ്‍സാണ് ഇവിടത്തെ ഏറ്റവും വലിയ സ്കോറും.
Discussion about this post