മൊബൈൽ നമ്പറുകൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായി നമ്പർ ഉറപ്പിക്കാൻ സൈബർ സുരക്ഷാ നിയമങ്ങളിൽ മാറ്റം വരുത്താൻ കേന്ദ്ര ടെലികോം വകുപ്പ് നിർദേശം നൽകി. ഫോൺ നമ്പർ വാലിഡേഷനായി ഒരു പുതിയ പ്ലാറ്റ്ഫോം സൃഷ്ടിക്കാൻ ജൂൺ 24ന് പ്രസിദ്ധീകരിച്ച കരട് നിയമത്തിൽ നിർദേശിച്ചു. ഫോൺ നമ്പർ ഉപയോഗിച്ച് ഉപയോക്താക്കളെ തിരിച്ചറിയുന്ന ബാങ്കുകളെയും യുപിഐ ഇടപാടുകൾക്കായി ഫോൺ നമ്പർ ഉപയോഗിക്കുന്ന സ്ഥാപനങ്ങളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അംഗീകൃത സ്ഥാപനങ്ങളും ലൈസൻസികളും ഒരു എന്റർപ്രൈസ് അല്ലെങ്കിൽ ഉപയോക്താക്കൾ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ തങ്ങളുടെ ഡാറ്റാബേസിൽ ഉണ്ടോയെന്ന് പരിശോധിക്കാൻ പ്രാപ്തമായ ഒരു ‘എംഎൻവി പ്ലാറ്റ്ഫോമാണ്’ പുതിയ സംവിധാനത്തിൽ ഉൾപ്പെടുന്നത്. ഉപഭോക്താക്കളെയോ അവരുടെ ഇടപാടുകളെയോ ടെലികമ്മ്യൂണിക്കേഷൻ ഐഡന്റിഫയർ യൂസർ എന്റിറ്റി(ടിഐയുഇ) ആയി തിരിച്ചറിയാൻ ഫോൺ നമ്പറുകൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്ക് പുതിയ സൈബർ സുരക്ഷാ നിയമത്തിൽ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ടെലികോം ഇതര സ്ഥാപനങ്ങളിൽ നിന്ന് ഒരു വ്യക്തി നടത്തുന്ന ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ തേടുന്നതിന് സർക്കാർ അംഗീകൃത ഏജൻസികൾക്കും നിയമനിർവഹണ സ്ഥാപനങ്ങൾക്കും പുതിയ നിയമത്തിൽ കൂടുതൽ അധികാരം നൽകുന്നു.
കരട് നിയമത്തിൽ ഭേദഗതികൾ നിർദേശിക്കാൻ ഉണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ അറിയിക്കാൻ തത്പര കക്ഷികളോട് ടെലികോം വകുപ്പ് നിർദേശിച്ചു.
Discussion about this post