റിയാദ് : സൗദി പ്രോ ലീഗ് ക്ലബ്ബ് അൽ-നാസറുമായുള്ള കരാർ രണ്ടുവർഷത്തേക്ക് കൂടി നീട്ടി പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പുതിയ കരാർ പ്രകാരം 2027 വരെ റൊണാൾഡോ അൽ-നാസറിൽ തുടരും. നേരത്തെ മൂന്നുവർഷത്തെ കരാർ ആയിരുന്നു റൊണാൾഡോക്ക് ടീമുമായി ഉണ്ടായിരുന്നത്. ഈ കരാർ അവസാനിച്ച വേളയിൽ റൊണാൾഡോ ടീം വിടുമെന്ന് സൂചന ഉണ്ടായിരുന്നു. റൊണാൾഡോയെ വീണ്ടും ടീമിൽ നിലനിർത്താനായി വമ്പൻ ഓഫറുകൾ ആണ് അൽ-നാസർ നൽകിയിട്ടുള്ളത്.
“ഒരു പുതിയ അധ്യായം ആരംഭിക്കുന്നു. അതേ അഭിനിവേശം, അതേ സ്വപ്നം. നമുക്ക് ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാം,” എന്ന് റൊണാൾഡോ അൽ-നാസറുമായുള്ള കരാർ നീട്ടിയതിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. രാജ്യത്തിനും മുൻ ക്ലബ്ബുകൾക്കുമായി 28 ഓളം കിരീടങ്ങൾ നേടിയിട്ടുണ്ടെങ്കിലും സൗദി അറേബ്യയിൽ നിന്ന് ഒരു കിരീട നേട്ടം സ്വന്തമാക്കാൻ റൊണാൾഡോക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. റൊണാൾഡോയുടെ നേതൃത്വത്തിൽ അൽ-നാസറിന് സൗദി പ്രോ ലീഗ് കിരീടം സ്വന്തമാക്കാൻ ഈ രണ്ടു വർഷക്കാലയളവിൽ എങ്കിലും കഴിയും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ടോക്‌സ്‌പോർട്ടിന്റെ റിപ്പോർട്ട് പ്രകാരം, അൽ-നാസർ ക്ലബ്ബുമായുള്ള പുതിയ കരാറിന് കീഴിൽ റൊണാൾഡോയ്ക്ക് പ്രതിവർഷം 200 മില്യൻ യൂറോ ആണ് പ്രതിഫലമായി ലഭിക്കുക. അതായത് ഒരു വർഷം മാത്രം 2000 കോടിയിലേറെ രൂപ ആണ് സൗദി ക്ലബ്ബിൽ തുടരുന്നതിന് റൊണാൾഡോ പ്രതിഫലമായി വാങ്ങുന്നത്. ഇതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ യാത്രകൾക്കായി പ്രത്യേക പ്രൈവറ്റ് ജെറ്റും ക്ലബ്ബ് നൽകുന്നതാണ്. അൽ നാസർ സൗദി പ്രോ ലീഗ് ജയിച്ചാൽ 8 മില്യൻ യൂറോ ബോണസ്സായി നൽകണമെന്നും കരാറിൽ ഉണ്ട്. അൽ നാസറിന്റെ 5 – 15% ഉടമസ്ഥാവകാശവും 60 മില്യൺ മൂല്യമുള്ള സ്പോൺസർഷിപ്പ് ഡീലുകളും ഉൾപ്പെടുത്തിക്കൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ-നാസറുമായുള്ള കരാർ രണ്ടുവർഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.
Discussion about this post