ന്യൂഡൽഹി : 2029 ൽ നടക്കാനിരിക്കുന്ന ലോക പോലീസ്, ഫയർ ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യ. അന്താരാഷ്ട്ര തലത്തിലുള്ള പോലീസ്, ഫയർ, ദുരന്ത നിവാരണ സേനാംഗങ്ങളെ 50-ലധികം കായിക ഇനങ്ങളിൽ മത്സരിക്കുന്നതിനായി ഒരുമിച്ച് കൊണ്ടുവരുന്ന ദ്വിവത്സര പരിപാടിയാണ് വേൾഡ് പോലീസ് ആൻഡ് ഫയർ ഗെയിംസ്. 1985-ൽ ആരംഭിച്ചതിനുശേഷം WPFG ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ ദക്ഷിണേഷ്യൻ രാജ്യമെന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. 2029 ലെ മത്സരങ്ങൾ ഗുജറാത്തിലെ അഹമ്മദാബാദിൽ ആയിരിക്കും നടക്കുക.
2029 ലെ ലോക പോലീസ്, ഫയർ ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ അഭിമാനവും സന്തോഷവും ഉള്ളതായി കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ അമിത് ഷാ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത മികച്ച കായിക അടിസ്ഥാന സൗകര്യങ്ങളാണ് ഈ അവസരം ഇന്ത്യയ്ക്ക് ലഭിക്കാൻ കാരണമായത്. ആഗോള കായിക രംഗത്ത് രാജ്യത്തിന്റെ വളർന്നുവരുന്ന ഔന്നത്യത്തിന്റെ തെളിവാണ് ഇത്തരത്തിൽ ഒരു അന്താരാഷ്ട്ര കായിക മേളക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യക്ക് കഴിയുന്നത് എന്നും അമിത് ഷാ വ്യക്തമാക്കി.
ഈ നേട്ടം ഓരോ ഇന്ത്യൻ പൗരനും അഭിമാനകരമായ കാര്യമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഒരു പ്രധാന കായിക കേന്ദ്രമെന്ന നിലയിൽ അഹമ്മദാബാദിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യം അടിവരയിടുന്നതാണ് വേദിയായി അഹമ്മദാബാദിനെ തിരഞ്ഞെടുത്തത് എന്നും അദ്ദേഹം സൂചിപ്പിച്ചു. അഹമ്മദാബാദ്, ഗാന്ധിനഗർ, ഏക്താ നഗർ (കെവാഡിയ) എന്നീ മൂന്ന് നഗരങ്ങളിലെ വിവിധ വേദികളിലായി മത്സരങ്ങൾ നടത്തും. 70 രാജ്യങ്ങളിൽ നിന്നുള്ള 10,000 ത്തിലധികം അത്‌ലറ്റുകൾ ആണ് ഇന്ത്യയിൽ നടക്കുന്ന ഈ അഭിമാനകരമായ കായിക മത്സരത്തിൽ പങ്കാളികളാവുക.
Discussion about this post