യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യ രണ്ടുതവണ രാജ്യത്തെ ആക്രമിച്ചതായി അവകാശപ്പെട്ട് പാകിസ്താൻ സൈനിക മേധാവി അസിം മുനീർ. ഇത് ‘തന്ത്രപരമായ ദീർഘവീക്ഷണത്തിന്റെ അഭാവമാണ്’ എന്ന് അസിം മുനീർ വിശേഷിപ്പിച്ചു. പ്രാദേശിക സംഘർഷങ്ങൾ വർദ്ധിക്കുന്നതിന് ഇന്ത്യയെ കുറ്റപ്പെടുത്തിയ മുനീർ, ഭാവിയിൽ ഇന്ത്യയുടെ ഏത് ആക്രമണത്തിനും നിർണായകമായ മറുപടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി.
ശനിയാഴ്ച കറാച്ചിയിലെ പാകിസ്ഥാൻ നാവിക അക്കാദമിയിൽ സംസാരിക്കവെ, പാകിസ്താനെ ‘നെറ്റ് റീജിയണൽ സ്റ്റെബിലൈസർ’ എന്ന് വിശേഷിപ്പിച്ച മുനീർ, ‘പ്രകോപനമില്ലാതെ’ ഇന്ത്യൻ സൈനിക ആക്രമണത്തിന് പാകിസ്താൻ ‘ദൃഢനിശ്ചയത്തോടെ’ പ്രതികരിച്ചുവെന്ന് അവകാശപ്പെട്ടു.
‘പ്രകോപനങ്ങൾക്കിടയിലും, പാകിസ്താൻ സംയമനവും പക്വതയും പ്രകടിപ്പിച്ചു, പ്രാദേശിക സമാധാനത്തോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുവെന്ന് അസിം മുനീർ കൂട്ടിച്ചേർത്തു. പാകിസ്താൻ ഭീകരവാദം ഇല്ലാതാക്കുന്നതിലേക്ക് അടുക്കുമ്പോൾ, മേഖലയിൽ ഇന്ത്യ മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കുകയാണെന്ന് മുനീർ ആരോപിച്ചു.
ഇത്തരമൊരു സമയത്ത്, ഇന്ത്യയുടെ നിയമവിരുദ്ധ അധിനിവേശത്തിനെതിരെ പോരാടുന്ന നമ്മുടെ കശ്മീരി സഹോദരങ്ങളുടെ ത്യാഗങ്ങൾ നാം ഓർക്കണം’ എന്ന് അദ്ദേഹം അവകാശപ്പെട്ടു.ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾക്കും കശ്മീരി ജനതയുടെ അഭിലാഷങ്ങൾക്കും അനുസൃതമായി കശ്മീർ പ്രശ്‌നത്തിന് നീതിയുക്തമായ പരിഹാരത്തിനായി ശക്തമായി വാദിക്കുന്ന രാജ്യമാണ് പാകിസ്താൻ കൂട്ടിച്ചേർത്തു.
പാകിസ്ഥാൻ പിന്തുണയുള്ള പഹൽഗാം ഭീകരാക്രമണങ്ങൾക്ക് ദിവസങ്ങൾക്ക് മുമ്പ്, കശ്മീർ ഇസ്ലാമാബാദിന്റെ ‘കഴുത്തിന്റെ സിര’യാണെന്ന് അവകാശപ്പെട്ടുകൊണ്ട് മുനീർ മേഖലയിലെ ഏറ്റവും അപകടകരമായ ശത്രുതയ്ക്ക് വീണ്ടും തിരികൊളുത്തിയിരുന്നു.
Discussion about this post