2024 ലെ ഐസിസി പുരുഷ ടി20 ലോകകപ്പ് ഫൈനലിനായി തയ്യാറെടുക്കുന്നതിനിടെ താൻ അനുഭവിച്ച ഉത്കണ്ഠയെക്കുറിച്ച് രോഹിത് ശർമ്മ തുറന്നു പറഞ്ഞു. ജൂൺ 29 ന്, ബാർബഡോസിലെ ബ്രിഡ്ജ്ടൗണിലുള്ള കെൻസിംഗ്ടൺ ഓവലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏഴ് റൺസിന്റെ വിജയം നേടിയപ്പോൾ അവിടെ രോഹിത് ഇന്ത്യയെ അവരുടെ രണ്ടാമത്തെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചു.
2013 ൽ ഇംഗ്ലണ്ടിനെതിരെ ചാമ്പ്യൻസ് ട്രോഫി വിജയിച്ചതിനുശേഷം ഇന്ത്യയുടെ ആദ്യത്തെ പ്രധാന അന്താരാഷ്ട്ര കിരീട നേട്ടമായിരുന്നു ഈ വിജയം. തന്റെ അരങ്ങേറ്റ വർഷത്തിൽ 2007 ലെ ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയ ടീമിന്റെ ഭാഗമായിരുന്ന രോഹിത് ശർമ്മ, പിന്നീട് 2024 ൽ തന്റെ ക്യാപ്റ്റൻസിയിൽ രാജ്യത്തെ ആദ്യത്തെ ഐസിസി കിരീടത്തിലേക്ക് നയിച്ച രോഹിത് 2025 ചാമ്പ്യൻസ് ട്രോഫിയും പിന്നെ ഇന്ത്യക്ക് സമ്മാനിച്ചു.
ഫൈനൽ മത്സരത്തിന്റെ തലേദിവസം രാത്രി ഉറങ്ങാൻ തനിക്ക് ബുദ്ധിമുട്ടായിരുന്നു എന്ന് രോഹിത് തുറന്നു പറഞ്ഞു. കാലൊക്കെ അനങ്ങാതെ മരച്ചിരിക്കുന്ന അവസ്ഥയിൽ ആയിരുന്നു താനെന്നും രോഹിത് സമ്മതിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: “പതിമൂന്ന് വർഷത്തെ കാത്തിരിപ്പായിരുന്നു എനിക്ക്. പലർക്കും അത്രയും കാലം നീണ്ടുനിൽക്കുന്ന ഒരു കരിയർ പോലും ഇല്ല. 2007 മുതലുള്ള കാത്തിരിപ്പിന് ശേഷം ഒടുവിൽ ഒരു ലോകകപ്പ് നേടുന്നത് അത്ര നിസാര കാര്യം അല്ലല്ലോ” രോഹിത് പറഞ്ഞു.
“ആ രാത്രി എനിക്ക് ഉറക്കം വന്നില്ല. ലോകകപ്പിനെക്കുറിച്ച് മാത്രമേ എനിക്ക് ചിന്തിക്കാൻ കഴിഞ്ഞുള്ളൂ. എന്റെ കാലുകൾ ഒന്നും അനങ്ങാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു. ഞാൻ പരിഭ്രാന്തനായിരുന്നോ? തീർച്ചയായും. ഞാൻ അത് കാണിച്ചില്ല. പക്ഷെ പേടി ഉണ്ടായിരുന്നു. രാവിലെ ഏകദേശം 8:30 അല്ലെങ്കിൽ 9 മണിക്ക് പുറപ്പെടാനായിരുന്നു ഞങ്ങളുടെ പദ്ധതി.”
“പക്ഷേ ഞാൻ 7 മണിക്ക് ഉണർന്നു. എന്റെ മുറിയിൽ നിന്ന്, എനിക്ക് ഗ്രൗണ്ടിന്റെ വ്യക്തമായ കാഴ്ച ലഭിച്ചു, അതിലേക്ക് നോക്കുന്നത് നിർത്താൻ കഴിഞ്ഞില്ല. “രണ്ട് മണിക്കൂറിനുള്ളിൽ, ഞാൻ മൈതാനത്ത് എത്തും. നാല് മണിക്കൂറിനുള്ളിൽ, നമുക്ക് ഫലം അറിയാം. കപ്പ് ഒന്നുകിൽ നമ്മുടേതായിരിക്കും, അല്ലെങ്കിൽ അത് നമ്മുടേതായിരിക്കില്ല.”
ഇന്ത്യയുടെ വിജയത്തിന് ശേഷം, രോഹിത് ശർമ്മ ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു, ഫൈനലിൽ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട വിരാട് കോഹ്‌ലിയും മറ്റൊരു സൂപ്പർ താരം രവീന്ദ്ര ജഡേജയും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
Discussion about this post