തൃണമൂൽ കോൺഗ്രസ് എംപിയായ മഹുവ മൊയ്ത്രയ്ക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന തൃണമൂൽ നേതാവും എംപിയുമായ കല്യാൺ ബാനർജി. കൊൽക്കത്ത ബലാത്സംഗക്കേസിൽ താൻ നടത്തിയ വിവാദപരാമർശത്തിൽ വിമർശനവുമായി മഹുവ രംഗത്തെത്തിയതിന് പിന്നാലെയാണ് കല്യാൺ ബാനർജി മറുപടിയുമായി രംഗത്തെത്തിയത്. ഒരു കുടുംബം തകർത്ത ശേഷമാണ് മഹുവ വിവാഹം കഴിച്ചതെന്നും അവരാണ് യഥാർത്ഥ സ്ത്രീവിരുദ്ധ എന്നുമാണ് കല്യാൺ ബാനർജിയുടെ വിമർശനം.
പെൺകുട്ടി ആക്രമണത്തിനിരയായതിന് പിന്നാലെ നടത്തിയ പ്രതികരണത്തിൽ-ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ ബലാത്സംഗം ചെയ്താൽ എന്താണ് ചെയ്യാൻ കഴിയുക എന്ന ബാനർജിയുടെ പ്രസ്താവന വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. തുടർന്ന് ടിഎംസി ഇതിനെ അപലപിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യയിലെ എല്ലാ പാർട്ടികളിലും സ്ത്രീവിരുദ്ധതയുണ്ടെന്നും എന്നാൽ ആര് പ്രസ്താവന നടത്തിയാലും അതിനെ അപലപിക്കാൻ തയ്യാറാകുന്നതാണ് ടിഎംസിയെ വ്യത്യസ്തമാക്കുന്നതെന്നുമാണ് മഹുവ പ്രതികരിച്ചത്. ഇതോടെയാണ് മഹുവയ്ക്കെതിരേ കല്യാൺ ബാനർജി രംഗത്തെത്തിയത്.
മഹുവ ഹണിമൂൺ കഴിഞ്ഞ് ഇന്ത്യയിലേക്ക് വന്നതിന് ശേഷം എന്നോട് തർക്കിക്കാൻ വരികയാണ്. എന്നെ സ്ത്രീവിരുദ്ധൻ എന്ന് ആരോപിക്കുകയാണ്. അപ്പോൾ അവർ ആരാണ്? നാല്പത് വർഷത്തെ ഒരു വിവാഹജീവിതം തകർത്ത ശേഷമാണ് മഹുവ ഒരു 65കാരനെ വിവാഹം കഴിച്ചിരിക്കുന്നത്. അവർ ഒരു സ്ത്രീയെ വേദനിപ്പിച്ചില്ലേ?’ എന്നാണ് കല്യാൺ ബാനർജി ചോദിച്ചത്. പാർലമെന്റിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു എംപി എത്തിക്‌സിനെപ്പറ്റി തന്നെ പഠിപ്പിക്കാൻ വരികയാണെന്നും അവരാണ് യഥാർത്ഥ സ്ത്രീവിരുദ്ധയെന്നും കല്യാൺ ബാനർജി വിമർശിച്ചു.
Discussion about this post