വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് അത് ലംഘിക്കുന്നത് വഞ്ചനയല്ലെന്ന് തെലങ്കാന ഹൈക്കോടതി. കർമ്മൻഘട്ട് നിവാസിയായ രാജപുരം ജീവൻ റെഡ്ഡിക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.ആരെങ്കിലും വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്ത ശേഷം വിവാഹം കഴിക്കുന്നില്ലെങ്കിൽ, അത്തരമൊരു വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ജീവൻ റെഡ്ഡി തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പിന്നീട് അതിൽ നിന്നും പിന്മാറിയെന്ന് ആരോപിച്ച് കാരക്കല്ല പത്മിനി റെഡ്ഡി നൽകിയ പരാതിയിലാണ് കേസ്. 2016-ൽ കോളേജ് പഠനകാലത്ത് ഇരുവരും പ്രണയത്തിലായിരുന്നുവെന്നും, മാതാപിതാക്കളുടെ സമ്മതം വാങ്ങിയ ശേഷം പത്മിനിയെ വിവാഹം കഴിക്കാമെന്ന് ജീവൻ റെഡ്ഡി വാഗ്ദാനം ചെയ്തതായും പരാതിയിൽ പറയുന്നു.
പിന്നീട് സുഹൃത്തുക്കളുടെ മുന്നിൽ വെച്ച് അയാൾ അതിൽ നിന്നും നിന്ന് പിന്മാറിയെന്നും എന്നാൽ പിന്നീട് വീണ്ടും മനസ്സ് മാറി വിവാഹം ഉറപ്പച്ചെങ്കിലും എന്നാൽ പിന്നീട് വീണ്ടും പിന്മാറിയന്നെുമായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് വഞ്ചനാ കേസ് രജിസ്റ്റർ ചെയ്ത് കോടതി നടപടികൾ ആരംഭിച്ചു. ഇതിന് പിന്നാലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജീവൻ റെഡ്ഡി ഹൈക്കോടതിയെ സമീപിച്ചു.
വഞ്ചന കുറ്റമായി കണക്കാക്കണമെങ്കിൽ, പ്രതി വഞ്ചനയിൽ ഏർപ്പെടുക മാത്രമല്ല, ഇരയെ സ്വത്ത് കൈമാറാനോ വിലപ്പെട്ട ഒരു സെക്യൂരിറ്റി മാറ്റാനോ വഞ്ചനാപരമായി പ്രേരിപ്പിച്ചു എന്ന് സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന് കോടതി വ്യക്തമാക്കി. ഈ കേസിൽ, ഹരജിക്കാരൻ അവളെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും പിന്നീട് ആ വാഗ്ദാനം പിൻവലിക്കുകയും ചെയ്തു, മാതാപിതാക്കളുടെയും ബന്ധുക്കളുടെയും അഭിപ്രായമാണ് തന്റെ നിലപാട് മാറ്റത്തിന് കാരണമെന്ന് പറയുകയും ചെയ്തു. ഭാരതീയ ന്യായ സംഹിത പ്രകാരം, വഞ്ചന എന്ന കുറ്റത്തിന് വാഗ്ദാനം നൽകിയ സമയത്ത് സത്യസന്ധമല്ലാത്ത ഉദ്ദേശ്യം ഉണ്ടായിരുന്നതിന്റെ വ്യക്തമായ സൂചന ആവശ്യമാണെന്ന് കോടതി ഊന്നിപ്പറഞ്ഞു.
Discussion about this post