പ്രതിരോധരംഗം കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ സജീവമായി തന്നെ തുടർന്ന് ഇന്ത്യ. രാജ്യത്തിന്റെ സുരക്ഷാസംബന്ധമായ ആവശ്യങ്ങൾക്കായുള്ള 52 ഉപഗ്രഹങ്ങളുടെ വിക്ഷേപണം വേഗത്തിൽ പൂർത്തിയാക്കാനുള്ള നീക്കത്തിസാണ് ഇന്ത്യ. അയൽരാജ്യങ്ങളിൽ കൂടുതൽ ആഴത്തിൽ നിരന്തര നിരീക്ഷണം നടത്താൻ ഈ ഉപഗ്രഹങ്ങൾ ഇന്ത്യയെ സഹായിക്കും. 2029 ന് മുൻപ് തന്നെ വിക്ഷേപണം പൂർത്തിയാക്കാനാണ് ഇന്ത്യ നടപടി കൈക്കൊണ്ടിട്ടുള്ളത്.
26,968 കോടി രൂപയുടെ സ്പേസ് ബേസ്ഡ് സർവെയിലൻസ് (എസ്ബിഎസ്) പ്രോഗ്രാമിന്റെ മൂന്നാം ഘട്ടത്തിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റി കഴിഞ്ഞ വർഷം ഒക്ടോബറിൽ അനുമതി നൽകിയിരുന്നു. ഈ പദ്ധതിയുടെ ഭാഗമാണ് 52 പ്രതിരോധ ഉപഗ്രഹങ്ങൾ. ഇതിൽ 21 എണ്ണം ഐഎസ്ആർഒ തന്നെ നിർമിച്ച് വിക്ഷേപിക്കുന്നവയായിരിക്കും. 31 എണ്ണം മൂന്ന് ഇന്ത്യൻ സ്വകാര്യ കമ്പനികൾ നിർമിച്ചവയാകും. പ്രതിരോധ മന്ത്രാലയത്തിലെ ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫിന് (ഐഡിഎസ്) കീഴിൽ പ്രവർത്തിക്കുന്ന ഡിഫൻസ് സ്പേസ് ഏജൻസിയാണ് ഇതിന് നേതൃത്വം നൽകുന്നത്.
ചൈന, പാകിസ്താൻ അതിർത്തികളിലും ഇന്ത്യൻ മഹാസമുദ്ര മേഖലയിലും, ബഹിരാകാശ സുരക്ഷാ നിരീക്ഷണ ശേഷി വർദ്ധിപ്പിക്കുന്നതിനാണ് 52 പ്രതിരോധ നിരീക്ഷണ ഉപഗ്രഹങ്ങൾ. ചൈനയുടെയും പാകിസ്താന്റെയും ഭൂപ്രദേശങ്ങളിൽ വലിയൊരു പങ്കും ഇന്ത്യൻ സമുദ്രമേഖലയും നിരീക്ഷണപരിധിയിലാക്കാൻ ഇതോടെ ഇന്ത്യയ്ക്കാവും.
പഹൽഗാം ഭീകരാക്രമണങ്ങൾക്ക് പിന്നാലെ മെയ് ഏഴ് മുതൽ പത്ത് വരെ പാകിസ്താനുമായി നടന്ന അതിശക്തമായ പോരാട്ടത്തിൽ കാർട്ടോസാറ്റ് പോലുള്ള തദ്ദേശീയ ഉപഗ്രഹങ്ങളും വിദേശ ഉപഗ്രഹങ്ങളും ശത്രുസൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഇന്ത്യക്ക് സഹായകമായിരുന്നു. ആക്രമണങ്ങൾ നടത്തിയതിന്റെ ആധികാരികത ലോകത്തിന് മുന്നിൽ ഉറപ്പാക്കാൻ ഇന്ത്യയ്ക്ക് സഹായകമായതും ഉപഗ്രഹങ്ങൾ ചിത്രങ്ങളാണ്.
Discussion about this post