പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണരഥത്തിലേറി 11 വർഷങ്ങൾ പൂർത്തിയാകുമ്പോൾ മുൻകാലങ്ങളിൽ അവഗണിക്കപ്പെട്ടിരുന്ന ഇന്ത്യയുടെ പല ഭൂപ്രദേശങ്ങൾക്കും ശാപമോക്ഷം ലഭിക്കുകയാണ്. റെയിൽപാതകളും ട്രെയിനുകളുടെ ചൂളം വിളികളും എല്ലാം സ്വപ്നം മാത്രമായിരുന്ന വിവിധ മേഖലകളിൽ ഇന്ന് അവ യാഥാർത്ഥ്യമായി കൊണ്ടിരിക്കുന്നു. ഒറ്റപ്പെട്ടു കിടക്കുന്ന പ്രാദേശിക മേഖലകളെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുക എന്ന പ്രധാനമന്ത്രി മോദിയുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ അടുത്ത ഘട്ടം മിസോറാമിൽ നിന്നും ആരംഭിക്കുകയാണ്. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ റെയിൽപാതയാണ് ഇവിടെ നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
കശ്മീരിന് പിന്നാലെ മിസോറാമും ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കപ്പെടുകയാണ്. തലസ്ഥാനമായ ഐസ്വാളിനെ രാജ്യത്തിന്റെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന 51.38 കിലോമീറ്റർ നീളമുള്ള ബൈറാബി-സൈരാംഗ് റെയിൽ പാതയുടെ നിർമ്മാണം പൂർത്തിയായി. ഉടൻതന്നെ ഈ റെയിൽപാതയുടെ ഉദ്ഘാടനവും നടക്കും എന്നാണ് സൂചന. 2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെറിയതിനുശേഷം മിസോറാമിന് നൽകിയ വാഗ്ദാനമാണ് ഈ റെയിൽപാത. 2014 നവംബർ 29 ന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ട ഈ പദ്ധതി ഏകദേശം 5,021.45 കോടി രൂപ ചിലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. റെയിൽപാതയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ കാത്തിരിക്കുകയാണ് ഇന്ന് മിസോറാമിലെ ജനങ്ങൾ.
ഇന്ത്യൻ റെയിൽവേ ഏറ്റെടുത്ത ഏറ്റവും വെല്ലുവിളി നിറഞ്ഞ പദ്ധതികളിൽ ഒന്നായിരുന്നു ബൈരാബി-സൈരാങ് റെയിൽ പാതയെന്ന് പദ്ധതിയുടെ ചീഫ് എൻജിനീയർ വ്യക്തമാക്കി. കനത്ത മഴയുള്ള പ്രദേശമായതിനാൽ വർഷത്തിൽ നാലുമാസം മാത്രമായിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിരുന്നത്. നേരത്തെ ബൈറാബി വരെ മാത്രമായിരുന്നു റെയിൽ പാത ഉണ്ടായിരുന്നത്. മിസോറാമിന്റെ തലസ്ഥാന നഗരം ആണെങ്കിലും ഐസ്വാളിലേക്ക് റെയിൽപാത ഉണ്ടായിരുന്നില്ല. മോശം കാലാവസ്ഥയും മണ്ണിടിച്ചിലും എല്ലാം മൂലം പലപ്പോഴും തലസ്ഥാന നഗരത്തിലേക്കുള്ള യാത്ര റോഡ് മാർഗ്ഗം പോലും ഇവിടുത്തെ ജനങ്ങൾക്ക് ബുദ്ധിമുട്ടേറിയതായിരുന്നു. പുതിയ റെയിൽ പാത യാഥാർത്ഥ്യമാകുന്നതോടെ സിൽച്ചാർ, ഗുവാഹത്തി തുടങ്ങിയ നഗരങ്ങളിൽ നിന്ന് ഐസ്വാളിലേക്ക് നേരിട്ടുള്ള റെയിൽ കണക്റ്റിവിറ്റി ഇപ്പോൾ സാധ്യമാകും.
സിൽചാർ വഴി ഐസ്വാളിലേക്ക് ട്രെയിനിൽ യാത്ര ചെയ്യാനും മിസോറാമിന്റെ പ്രകൃതി സൗന്ദര്യം, സാംസ്കാരിക വൈവിധ്യം, കുന്നുകൾ, ഇടതൂർന്ന വനങ്ങൾ എന്നിവ ആസ്വദിക്കാനും കഴിയുന്ന രീതിയിലാണ് ഈ റെയിൽ പാത ഒരുക്കിയിട്ടുള്ളത്. മിസോറാമിന്റെ ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കാൻ ഈ റെയിൽ പാത സഹായകരമാകുന്നതാണ്. 51.38 കിലോമീറ്റർ നീളത്തിലാണ് പുതിയ റെയിൽ പാത ഒരുങ്ങിയിട്ടുള്ളത്. ഈ പാതയിൽ 12.853 കിലോമീറ്റർ നീളമുള്ള 48 തുരങ്കങ്ങളും, 55 വലുതും 87 ചെറുതുമായ പാലങ്ങളും, അഞ്ച് റോഡ് ഓവർബ്രിഡ്ജുകളും, ഒമ്പത് റോഡ് അണ്ടർബ്രിഡ്ജുകളും ഉണ്ട്. മിസോറാമിൽ പുതുതായി നിർമ്മിച്ച നാല് സ്റ്റേഷനുകൾ പുതിയ പാതയിൽ ഉൾപ്പെടുന്നു. സിൽച്ചാറിൽ നിന്ന് ഐസ്വാളിലേക്ക് നിലവിൽ റോഡ് മാർഗം എട്ട് മണിക്കൂർ എടുക്കുന്ന യാത്രാ സമയം ട്രെയിനിൽ വെറും മൂന്ന് മണിക്കൂറായി കുറയും എന്നതിനാൽ മിസോറാം ജനതയ്ക്ക് ലഭിക്കുന്ന വലിയ അനുഗ്രഹമായിരിക്കും ഈ റെയിൽ പാത.
Discussion about this post