ശ്രീനഗർ : ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്താൻ പൗരൻ അറസ്റ്റിൽ. അതിർത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവയ്ക്ക് സമീപമുള്ള നിയന്ത്രണ രേഖയിൽ (എൽഒസി) നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ ആണ് പാകിസ്താൻ പൗരനായ മുഹമ്മദ് ആരിഫ് അറസ്റ്റിലായത്.
നാല് ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരരുടെ സംഘത്തെ ഇന്ത്യയിലേക്ക് കടത്താനുള്ള ശ്രമത്തിനിടയിലാണ് ഇയാൾ അറസ്റ്റിലായത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന ഭീകരർ കുത്തനെയുള്ള ഒരു പാറക്കെട്ടിൽ നിന്ന് ചാടി പരിക്കുകളോടെ പാകിസ്താൻ ഭാഗത്തേക്ക് മടങ്ങിയതായി സൈന്യം വ്യക്തമാക്കി. പാക് അധിനിവേശ കശ്മീരിലെ ദത്തോട്ട് ഗ്രാമത്തിൽ താമസിക്കുന്നയാളാണ് അറസ്റ്റിലായ മുഹമ്മദ് ആരിഫ്.
സൈന്യത്തിന്റെ ഏസ് ഓഫ് സ്പേഡ്സ് ഡിവിഷന് കീഴിലുള്ള ഗംഭീർ പ്രദേശത്തെ ഫോർവേഡ് ഹജുറ പോസ്റ്റിൽ നിന്നാണ് പാകിസ്താൻ പൗരനെ അറസ്റ്റ് ചെയ്തതെന്ന് സൈന്യം വ്യക്തമാക്കി. ഇന്ത്യൻ സൈന്യത്തെ കണ്ടപ്പോൾ ഇയാളോടൊപ്പം ഉണ്ടായിരുന്ന നാല് തീവ്രവാദികൾ പാറക്കെട്ടിൽ നിന്ന് ചാടി. ‘നോ മാൻസ് ലാൻഡിൽ’ ഇറങ്ങിയ അവർ കുറ്റിക്കാടുകളുടെയും പ്രതികൂല കാലാവസ്ഥയുടെയും മറവിൽ പാകിസ്താൻ ഭാഗത്തേക്ക് മടങ്ങിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പാകിസ്താൻ ഭാഗത്തുള്ള നിയന്ത്രണ രേഖയിൽ താമസിക്കുന്നതിനാൽ പ്രദേശത്തിന്റെ ഭൂപ്രകൃതിയെക്കുറിച്ച് വ്യക്തമായ ധാരണ ഉള്ള ആളായിരുന്നു മുഹമ്മദ് ആരിഫ്. ആരിഫിന്റെ കൈവശം ഒരു മൊബൈൽ ഫോണും ഏകദേശം 20,000 പാകിസ്താൻ രൂപയും ഉണ്ടായിരുന്നതായി സൈന്യം അറിയിച്ചു.
Discussion about this post