തിരുവനന്തപുരം : കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രമേയവുമായി യൂത്ത് കോൺഗ്രസ്. കോൺഗ്രസ് നേതൃത്വം മതസാമുദായിക സംഘടനകളോട് വിധേയത്വം കാണിക്കുന്നു എന്നാണ് യൂത്ത് കോൺഗ്രസ് വിമർശിക്കുന്നത്. മത സമുദായിക സംഘടനകളെ ബഹുമാനിക്കാം. എന്നാൽ കോൺഗ്രസിന്റെ രാഷ്ട്രീയ നേതൃത്വം അവരോട് വിധേയത്വം കാണിക്കുകയാണ് ചെയ്യുന്നത് എന്നും യൂത്ത് കോൺഗ്രസ് പ്രമേയം സൂചിപ്പിക്കുന്നു.
മത സമുദായിക സംഘടനകളോട് വിധേയത്വം കാണിക്കുന്നത് അപകടകരമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. സിപിഎമ്മും ബിജെപിയും മാധ്യമങ്ങളും ഉയർത്തി വിടുന്ന മത സാമുദായിക ധ്രുവീകരണത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ചെന്ന് വീണു കൊടുക്കുകയാണ് ചെയ്യുന്നത്. ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളിൽ വെള്ളം ചേർക്കുന്ന ഇത്തരം നിലപാടുകൾ എതിർക്കപ്പെടേണ്ടതാണ് എന്നും യൂത്ത് കോൺഗ്രസ് അറിയിച്ചു.
സാമുദായിക നേതാക്കൾ സംഘപരിവാറിന്റെ അജണ്ടകൾക്ക് മുൻപിൽ വീണുപോകുന്നു എന്നും യൂത്ത് കോൺഗ്രസ് പ്രമേയം കുറ്റപ്പെടുത്തി. വിട്ടുവീഴ്ചയില്ലാത്ത മതേതരത്വത്തിലൂടെയാണ് വർഗീയതയെ നേരിടേണ്ടത്. ജാതിമത സംഘടനകൾ അവരുടെ മേഖലകൾ തിരിച്ചറിഞ്ഞ് സമൂഹത്തിൽ പ്രവർത്തിക്കണം. പല സമുദായ സംഘടനകളും ഇപ്പോൾ രാഷ്ട്രീയത്തിൽ ഇടപെടാനാണ് വ്യഗ്രത കാണിക്കുന്നത്. രാഷ്ട്രീയത്തെ ഇത്തരത്തിൽ സമുദായവൽക്കരിക്കരുത് എന്നും യൂത്ത് കോൺഗ്രസ് പ്രമേയത്തിൽ വ്യക്തമാക്കുന്നു.
Discussion about this post