ന്യൂഡൽഹി : വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന് വിലകുറച്ച് എണ്ണ വിപണന കമ്പനികൾ . 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപയാണ് കുറവ് വരുത്തിയിരിക്കുന്നത്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബിസിനസുകൾ തുടങ്ങിയ വാണിജ്യ ഉപയോക്താക്കൾക്ക് ഏറെ ആശ്വാസം നൽകുന്ന ഈ പുതിയ നിരക്ക് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നു.
അതേസമയം വീടുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോ സിലിണ്ടറുകൾക്ക് വിലകുറച്ചതോടെ ഡൽഹിയിൽ സിലിണ്ടറിന് 1,665 രൂപ ആണ് വില വരുന്നത്. മുംബൈയിൽ ഒരു സിലിണ്ടറിന് 1,616 രൂപയും കൊൽക്കത്തയിൽ 1,769 രൂപയും ചെന്നൈയിൽ 1,823.50 രൂപയും വിലവരും.
ആഗോള അസംസ്കൃത എണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകളും മറ്റ് വിവിധ ഘടകങ്ങളും കണക്കിലെടുത്താണ് എണ്ണ വിപണന കമ്പനികൾ ഇന്ത്യയിലെ എൽപിജി സിലിണ്ടറുകളുടെ വില പരിഷ്കരിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ അയവ് വന്നതോടെ കുറഞ്ഞ ഡിമാൻഡ്, വർദ്ധിച്ചുവരുന്ന വിതരണം എന്നിവ കാരണം ആഗോള അസംസ്കൃത എണ്ണ വിലയിൽ ഇടിവ് സംഭവിക്കാൻ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.









Discussion about this post