ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലേക്ക് വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനായി യുവതാരം ആയുഷ് ബദോനിയെ തിരഞ്ഞെടുത്ത ബിസിസിഐയുടെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ബദോനി പ്രതിഭയുള്ള താരമാണെങ്കിലും ഇന്ത്യൻ ജേഴ്‌സി അണിയാൻ പാകമായിട്ടില്ലെന്ന് ഉത്തപ്പ പറഞ്ഞു.
പരിക്കേറ്റ വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനായാണ് ഡൽഹി ഓൾറൗണ്ടറായ ആയുഷ് ബദോനി ഇന്ത്യൻ ടീമിലെത്തിയത്. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന പലരെയും മറികടന്നുള്ള ഈ സെലക്ഷൻ തന്നെ ഞെട്ടിച്ചുവെന്ന് ഉത്തപ്പ പറഞ്ഞു. “ഈ തീരുമാനത്തിൽ എനിക്ക് ഒട്ടും യുക്തി തോന്നുന്നില്ല. അടുത്തിടെ നടന്ന വിജയ് ഹസാരെ ട്രോഫിയിലെ അദ്ദേഹത്തിന്റെ സ്കോറുകൾ ഞാൻ പരിശോധിച്ചു. ബദോനി വലിയ പ്രതിഭയുള്ള കളിക്കാരനാകാം, പക്ഷേ അദ്ദേഹം ഇപ്പോൾ ഇന്ത്യയ്ക്കായി കളിക്കാൻ പാകമായിട്ടുണ്ടോ എന്ന് എനിക്ക് ഉറപ്പില്ല.”
“സത്യം പറഞ്ഞാൽ ഞാനും അല്പം അത്ഭുതപ്പെട്ടു. ആഭ്യന്തര ക്രിക്കറ്റിൽ വലിയ തരംഗമൊന്നും സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഇന്ത്യ എ ടീമിനായി ചില മികച്ച ഇന്നിംഗ്‌സുകൾ കളിച്ചിട്ടുണ്ടെന്നത് ശരിയാണ്. അദ്ദേഹം കുറച്ച് പന്തെറിയുകയും ലോവർ ഓർഡറിൽ ബാറ്റ് ചെയ്യുകയും ചെയ്യുമെന്ന് സെലക്ടർമാർ കരുതിയിട്ടുണ്ടാകാം.”
ലിസ്റ്റ് എ കണക്കുകൾ നോക്കിയാൽ 27 മത്സരങ്ങൾ കളിച്ച താരം 36.47 ശരാശരിയിൽ 693 റൺസ് നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും 5 അർദ്ധ സെഞ്ചുറിയും നേടിയ താരം 17 വിക്കറ്റുകളും നേടിയിട്ടുണ്ട്. എന്തായാലും വലിയ ഇംപാക്ട് സൃഷ്ടിക്കാത്ത ഒരു താരത്തെ പരീക്ഷണാടിസ്ഥാനത്തിൽ ടീമിലെടുത്തത് ശരിയാണോ എന്നതാണ് ആരാധകരും ഉയർത്തുന്ന ചോദ്യം.












Discussion about this post