ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ വീരേന്ദർ സേവാഗും യുവരാജ് സിംഗും മുഹമ്മദ് കൈഫും വീണ്ടും ഒന്നിച്ചപ്പോൾ ആരാധകർക്ക് ലഭിച്ചത് ചിരിയും ഓർമ്മകളും നിറഞ്ഞ നിമിഷങ്ങൾ. നെറ്റ്ഫ്ലിക്സിലെ ‘ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ’യുടെ വരാനിരിക്കുന്ന എപ്പിസോഡിന്റെ ടീസറിലാണ് ഇവരുടെ രസകരമായ നിമിഷങ്ങൾ അടങ്ങിയ വീഡിയോ പുറത്തുവന്നത്.
2000-കളിൽ ഇന്ത്യൻ ക്രിക്കറ്റിലെ കരുത്തരായ ഈ മൂവർ സംഘം ഇന്നും ഉറ്റ സുഹൃത്തുക്കളാണ്. ഷോയ്ക്കിടെ സേവാഗിന്റെയും യുവരാജിന്റെയും സാമ്പത്തിക നിലയെക്കുറിച്ച് കൈഫ് നടത്തിയ തമാശയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിഡിയോയിൽ കൈഫ് ഇങ്ങനെ പറഞ്ഞു യുവരാജും സേവാഗും അവരുടെ തോളൊന്ന് കുടഞ്ഞാൽ അഞ്ചോ ആറോ കോടി രൂപ വെറുതെ താഴെ വീഴും. അവരെ അപേക്ഷിച്ച് ഞാൻ ഒരു പാവപ്പെട്ടവനാണ്,”
ഇത് കേട്ട ഉടനെ യുവരാജ് കൈഫിനോട് ചോദിച്ചു, “നീ ഇപ്പോൾ ഏത് ബ്രാൻഡ് ഷൂസാണ് ധരിച്ചിരിക്കുന്നത്?”. “ഗുച്ചി (Gucci)” എന്ന് കൈഫ് മറുപടി നൽകിയപ്പോൾ, “ഇതാണോ പാവപ്പെട്ടവൻ?” എന്നായിരുന്നു യുവിയുടെ മറുചോദ്യം. വിഡിയോയിൽ കൈഫ് ചില താരങ്ങളെ അനുകരിക്കുന്നതും അത് കണ്ട് യുവിയും സെവാഗും ചിരിക്കുന്നതുമൊക്കെ കാണാം.
2002-ലെ നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ ശില്പികളാണ് യുവിയും കൈഫും. 326 റൺസ് പിന്തുടരുന്നതിനിടെ 146/5 എന്ന നിലയിൽ തകർന്ന ഇന്ത്യയെ 121 റൺസിന്റെ കൂട്ടുകെട്ടിലൂടെ ഇരുവരും രക്ഷിച്ചു. കൈഫ് 87 റൺസുമായും യുവി 69 റൺസുമായും അന്ന് തിളങ്ങി.
കപിൽ ശർമ്മ ഷോയുടെ ഈ എപ്പിസോഡ് പുറത്തുവരുന്നതോടെ കൂടുതൽ രസകരമായ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.













Discussion about this post