ഇന്ത്യയിലെ ഏറ്റവും വലിയ ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖലയായ കെറ്റാമെലോൺ തകർത്തെന്ന് എൻസിബി ( നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ). മൂവാറ്റുപുഴ സ്വദേശി എഡിസൺ ആണ് ഇത് നിയന്ത്രിച്ചിരുന്നതെന്നും കണ്ടെത്തി. എൻസിബിയുടെ കൊച്ചി യൂണിറ്റ് മെലൺ എന്ന പേരിൽ നടത്തിയ ഓപ്പറേഷനിലൂടെയാണ് കെറ്റാമെലോൺ എന്ന മയക്കുമരുന്ന് ശൃംഖല തകർത്തത്.
ബാംഗ്ലൂർ, ചെന്നൈ, ഭോപ്പാൽ, പട്‌ന, ഡൽഹി, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പ്രദേശങ്ങൾ എന്നിവയുൾപ്പെടെ പ്രധാന നഗരങ്ങളിലേക്ക് മയക്കുമരുന്നായ എൽഎസ്ഡി കയറ്റി അയച്ചിരുന്നു.എൻസിബി പിടിച്ചെടുത്ത മരുന്നുകൾക്ക് ഏകദേശം 35.12 ലക്ഷം രൂപ വിലവരും. എൽഎസ്ഡി ബ്ലോട്ടുകൾ ഓരോന്നിനും 2,500-4,000 രൂപ വിലവരും.
ആഴ്ചകളോളം നീണ്ട നിരീക്ഷണത്തിനും രഹസ്യാന്വേഷണത്തിനും ശേഷമാണ് പ്രതിയിലേക്ക് അന്വേഷണ സംഘം എത്തിയത്. വ്യാഴാഴ്ച കൊച്ചിയിലെത്തിയ പോസ്റ്റൽ പാർസലുകളിൽ 280 എൽഎസ്ഡി ബ്ലോട്ടുകൾ കണ്ടെത്തി. അന്വേഷണത്തിൽ മൂവാറ്റുപുഴ സ്വദേശിയാണ് ഇത് ബുക്ക് ചെയ്തിരിക്കുന്നത് എന്ന് സ്ഥിരീകരിച്ചു. തൊട്ടടുത്തദിവസം ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ, 847 എൽഎസ്ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമിനും കൂടി പിടിച്ചെടുത്തു. പരിശോധനയിൽ, ഡാർക്ക്നെറ്റ് മാർക്കറ്റുകൾ ആക്സസ് ചെയ്യാൻ ഉപയോഗിക്കുന്ന വിവരങ്ങളടങ്ങിയ ഒരു പെൻഡ്രൈവ്, ഒന്നിലധികം ക്രിപ്റ്റോകറൻസി വാലറ്റുകൾ, ഹാർഡ് ഡിസ്‌കുകൾ തുടങ്ങിയവ കണ്ടെടുത്തുവെന്നും എൻസിബി അറിയിച്ചു.









Discussion about this post