കേരളത്തിൽ വേരുകളുള്ള അനിൽ മേനോൻ (48) ബഹിരാകാശത്തേക്ക്. യുഎസ് വ്യോമസേനയിലെ ലഫ്. കേണലും (റിസർവ്) സ്‌പേസ് എക്‌സ് കമ്പനിയുടെ മെഡിക്കൽ ഡയറക്ടറുമായിരുന്ന അദ്ദേഹം അടുത്ത വർഷം ജൂണിലാകും ബഹിരാകാശ നിലയത്തിലെത്തുക. എക്‌സ്‌പെഡീഷൻ 75 എന്ന ദൗത്യത്തിൽ കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്‌മോഡ്രോമിൽനിന്ന് സോയൂസ് എംഎസ് 29 പേടകത്തിലാണ് അനിൽ പുറപ്പെടുക. 8 മാസം നിലയത്തിൽ താമസിക്കും. 2021ൽ ആണ് അനിൽ നാസയുടെ യാത്രാസംഘത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
യുഎസിലേക്ക് കുടിയേറിയ മലബാറിൽനിന്നുള്ള ശങ്കരൻ മേനോന്റെയും യുക്രെയ്ൻകാരിയായ ലിസ സാമോലെങ്കോയുടെയും മകനാണ് അനിൽ മേനോൻ. അനിൽ മേനോന്റെ ഭാര്യയും ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ട്. സ്പേസ് എക്സിൽ ചേരുന്നതിന് മുമ്പ് നാസയിൽ ജോലി ചെയ്തിരുന്ന ഭാര്യ അന്ന മേനോൻ കഴിഞ്ഞ വർഷം ഒരു സ്വകാര്യ ബഹിരാകാശ ദൗത്യത്തിനായി പോയിരുന്നു.
2024ൽ മേനോൻ 23-ാമത് ബഹിരാകാശയാത്രിക ക്ലാസിൽ നിന്ന് ബിരുദം നേടി. പരിശീലനം പൂർത്തിയാക്കിയ ശേഷം അദ്ദേഹം തന്റെ ആദ്യത്തെ ബഹിരാകാശ നിലയ ദൗത്യത്തിനായി തയ്യാറെടുക്കാൻ തുടങ്ങി. യുഎസിലെ മിനിയാപൊളിസിൽ ജനിച്ചു വളർന്ന അനിൽ എമർജൻസി മെഡിസിൻ ഫിസിഷ്യൻ, മെക്കാനിക്കൽ എഞ്ചിനീയർ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് സ്‌പേസ് ഫോഴ്‌സിൽ കേണൽ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.









Discussion about this post