ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് എഡ്ജ്ബാസ്റ്റണിൽ നടക്കുകയാണ്. പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട് നിൽക്കുന്ന ഇന്ത്യയെ സംബന്ധിച്ച് ഇന്നത്തെ ടെസ്റ്റ് ജയിക്കേണ്ടത് അത്യാവശ്യമാണ്. മധ്യനിരയുടെയും വാലറ്റത്തിന്റെയും മോശം ബാറ്റിങ്ങും ബുംറ ഒഴികെ ഉള്ള ബോളർമാരുടെ മോശം ബോളിങ്ങും ഒകെ ആയിരുന്നു ആദ്യ ടെസ്റ്റിലെ ഇന്ത്യയുടെ പരാജയത്തിന് കാരണമായത്.
ഇതുവരെ ഇന്ത്യക്ക് അത്ര സുഖമുള്ള ഓർമ്മകൾ സമ്മാനിച്ച വേദി അല്ല എഡ്ജ്ബാസ്റ്റൺ. ഒരൊറ്റ മത്സരത്തിൽ പോലും ഇന്ത്യക്ക് ആ മണ്ണിൽ ജയിക്കാനും സാധിച്ചിട്ടില്ല. എന്തായാലും എഡ്ജ്ബാസ്റ്റൺ മറ്റൊരു ടെസ്റ്റിന് വേദിയാകുമ്പോൾ ആ വേദിയുമായി ബന്ധപ്പെട്ട് തന്റെ കരിയറിൽ ഉണ്ടായ അനുഭവം പറഞ്ഞിരിക്കുകയാണ് രാഹുൽ ദ്രാവിഡ്.
2011-ൽ എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ടെസ്റ്റ് മത്സരത്തിലാണ് ദ്രാവിഡിന് സ്വന്തം മണ്ടത്തരം കാരണം പണി കിട്ടിയത്. രണ്ടാം ഇന്നിംഗ്സിൽ, ജെയിംസ് ആൻഡേഴ്‌സണിന്റെ പന്തിൽ ദ്രാവിഡിന്റെ ഒരു എഡ്ജ് കീപ്പർ കൈയിൽ ഒതുക്കുന്നു. ദ്രാവിഡ് പുറത്തായി എന്ന വിധിയാണ് അമ്പയർ നൽകിയത്. എന്നാൽ അത് ഔട്ട് ആണോ റിവ്യൂ ചെയ്യാനോ എന്ന കാര്യത്തിൽ തനിക്ക് ആശയക്കുഴപ്പം ഉണ്ടായെന്നും എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു എന്നും ദ്രാവിഡ് പറഞ്ഞു.
“എന്റെ ആദ്യ തോന്നൽ അത് ഔട്ട് അല്ല എന്നത് ആയിരുന്നു. പക്ഷേ ഒരു വലിയ ശബ്ദം ഉണ്ടായിരുന്നു, അത് എവിടെ നിന്നാണ് വന്നതെന്ന് എനിക്ക് മനസിലായില്ല. അതിനാൽ ഞാൻ എന്റെ പങ്കാളിയോട് ചോദിച്ചു, ഒരു വലിയ ശബ്ദം കേട്ടെന്ന് അദ്ദേഹവും പറഞ്ഞു.”
“ഡ്രസ്സിംഗ് റൂമിൽ തിരിച്ചെത്തിയ ഉടൻ ഞാൻ റീപ്ലേ കണ്ടു. അത് ഷൂലേസിൽ കൊണ്ട ശബ്ദം ആയിരുന്നു എന്ന് മനസിലായപ്പോൾ എനിക്ക് സങ്കടം തോന്നി . അത് റിവ്യൂ ചെയ്താൽ മതിയായിരുന്നു” ദ്രാവിഡ് പറഞ്ഞു
സച്ചിൻ ടെണ്ടുൽക്കർ മറുവശത്ത് ബാറ്റ് ചെയ്ത ആ മത്സരത്തിൽ താൻ കൂടി നിന്നിരുന്നെങ്കിൽ തങ്ങൾക്ക് നല്ല ഒരു ഫൈറ്റ് കാഴ്ചവെക്കാൻ സാധിക്കാമായിരുന്നു എന്ന് ദ്രാവിഡ് ഓർത്തു.
Discussion about this post