സാധാരണക്കാർക്ക് ശുഭവാർത്ത. ചരക്ക് സേവന നികുതി (ജിഎസ്ടി) സ്ലാബുകളുടെ പുനഃക്രമീകരണത്തിലൂടെ സാധാരണക്കാരുടെ നിത്യേപയോഗ സാധനങ്ങളുടെ വില കുറയ്ക്കാനുള്ള നീക്കം കേന്ദ്രസർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 12 ശതമാനം ജിഎസ്ടി സ്ലാബ് പൂർണ്ണമായും ഒഴിവാക്കുകയോ നിലവിൽ 12 ശതമാനം നികുതി ചുമത്തുന്ന നിരവധി ഇനങ്ങൾ 5 ശതമാനം താഴ്ന്ന ബ്രാക്കറ്റിലേക്ക് പുനഃക്രമീകരിക്കുകയോ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഈ നിർദ്ദേശം നടപ്പിലായാൽ, 2017ൽ പരോക്ഷ നികുതി സമ്പ്രദായം നിലവിൽ വന്നതിന് ശേഷമുള്ള ജിഎസ്ടി നിരക്കുകളിലെ ഏറ്റവും സുപ്രധാനമായ പരിഷ്‌കരണങ്ങളിലൊന്നായി മാറും.
ടൂത്ത് പേസ്റ്റ്, ടൂത്ത് പൗഡർ, തയ്യൽ മെഷീനുകൾ,ഇസ്തിരിപ്പെട്ടി, ചെറിയശേഷിയുള്ള വാഷിംഗ് മെഷീനുകൾ, സൈക്കിൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, സാനിട്ടറി നാപ്കിനുകൾ, ഹെയർ ഓയിലുകൾ, ടൂത്ത് പേസ്റ്റ്, കുടകൾ, വാട്ടർ ഫിൽട്ടറുകളും പ്യൂരിഫയറുകളും (ഇലക്ട്രിക് അല്ലാത്ത തരങ്ങൾ), പ്രഷർ കുക്കറുകൾ, അലുമിനിയം, സ്റ്റീൽ എന്നിവയിൽ നിർമ്മിച്ച പാചക പാത്രങ്ങൾ, കുറഞ്ഞശേഷിയുളള വാക്വം ക്ലീനറുകൾ, ചില വാക്‌സിനുകൾ, പാക്കറ്റിലടച്ച പാലുല്പന്നങ്ങൾ തുടങ്ങിയവ എന്നിവയ്ക്ക് വില കുറഞ്ഞേക്കും.
ഈ നീക്കം സർക്കാരിന് 40,000 കോടി മുതൽ 50,000 കോടി രൂപ വരെ ബാധ്യത വരുത്തിവയ്ക്കുമെങ്കിലും പ്രാരംഭ ആഘാതം ഉൾക്കൊള്ളാൻ സർക്കാർ തയ്യാറെടുക്കുകയാണെന്നാണ് വിവരം. ഉപഭോഗത്തിൽ പ്രതീക്ഷിക്കുന്ന വർധനവാണ് ഇതിന് പിന്നിലെ കാരണം. വില കുറയുന്നത് വിൽപ്പന വർദ്ധിപ്പിക്കുമെന്നും അത് ആത്യന്തികമായി നികുതി അടിത്തറ വർദ്ധിപ്പിക്കുമെന്നും ദീർഘകാല ജിഎസ്ടി കളക്ഷനുകൾ വർദ്ധിപ്പിക്കുമെന്നും കേന്ദ്രം വിശ്വസിക്കുന്നു.
Discussion about this post