കണ്ണൂർ : കണ്ണൂരിൽ സഹോദരങ്ങളായ ബിജെപി പ്രവർത്തകർക്ക് നേരെ നടന്ന വധശ്രമ കേസിൽ വിധി പറഞ്ഞ് കോടതി. കേസിലെ പ്രതികളായ സിപിഎം പ്രവർത്തകർക്ക് ഏഴ് വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. 13 സിപിഎം പ്രവർത്തകരാണ് കേസിൽ പ്രതികളായിട്ടുള്ളത്. പ്രതികളിൽ 12 പേർക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. വിചാരണയ്ക്ക് ഹാജരാകാതിരുന്ന ഒന്നാം പ്രതിയുടെ കേസ് പ്രത്യേകം പരിഗണിക്കും എന്ന് കോടതി വ്യക്തമാക്കി.
മുതുകുറ്റി സ്വദേശി രഞ്ജിത്ത്, സഹോദരൻ രജീഷ് എന്നിവരെയാണ് 13 സിപിഎം പ്രവർത്തകർ ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നത്. 2015 ഫെബ്രുവരി 25ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 10 വർഷങ്ങൾക്കുശേഷമാണ് കോടതി ശിക്ഷ പ്രഖ്യാപിക്കുന്നത്.
2015 ഫെബ്രുവരി 25-ന് രാവിലെ 8.30-ന് ചക്കരക്കല്ല് പോലീസ് സ്റ്റേഷൻ പരിധിയിൽ മുതുകുറ്റിയിൽ വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു സഹോദരങ്ങളെ സിപിഎം പ്രവർത്തകർ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് ദീർഘനാൾ ചികിത്സയിലായിരുന്നു. സിപിഎം പ്രവർത്തകരുടെ ക്രൂരമായ ആക്രമണത്തിൽ രഞ്ജിത്തിന്റെ വലതുകൈപ്പത്തി അറ്റുതൂങ്ങിയിരുന്നു.
തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ആണ് കേസ് പരിഗണിച്ചിരുന്നത്. വിചാരണ പൂർത്തിയായ ശേഷം 12 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഒന്നാംപ്രതി ഇരിവേരി മത്തിപാറേമ്മൽ ഹൗസിൽ വിനു വിചാരണയ്ക്ക് ഹാജരാകാത്തതിനാൽ കേസ് പ്രത്യേകം പരിഗണിക്കും.









Discussion about this post