ന്യൂയോർക്ക് : ജൂലൈ നാലിന് അമേരിക്കയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളെ ലക്ഷ്യമിട്ട് ‘ലോൺ വോൾഫ്’ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഭീകരാക്രമണം ഭീഷണി നിലനിൽക്കുന്നതിനാൽ കടുത്ത ജാഗ്രതയിലാണ് അമേരിക്ക.
മിഡിൽ ഈസ്റ്റിലെ സമീപകാല സൈനിക നടപടികളെത്തുടർന്ന് വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലെ ഭീകരാക്രമണ ഭീഷണി യുഎസിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എഫ്ബിഐ, ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ്, മറ്റ് നിയമ നിർവ്വഹണ ഏജൻസികൾ എന്നിവർ ജനങ്ങളോട് ജാഗ്രത പുലർത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.
ചാവേറാക്രമണങ്ങളോ വെടിവെപ്പോ പോലെ ഏതെങ്കിലും ഒരു വ്യക്തിയിൽ നിന്നും ഒരു കൂട്ടത്തിന് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളെ ആണ് ‘ലോൺ വോൾഫ്’ ആക്രമണങ്ങൾ എന്ന് പറയുന്നത്. സ്വാതന്ത്ര്യദിനാഘോഷങ്ങളെ ലക്ഷ്യം വെച്ച് ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടാകാം എന്നാണ് എഫ് ബി ഐ ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഒറ്റപ്പെട്ട കുറ്റവാളികളിൽ നിന്നും വ്യക്തികളുടെ ചെറിയ ഗ്രൂപ്പുകളിൽ നിന്നുമാണ് ഏറ്റവും വലിയ ഭീഷണി നേരിടുന്നത് എന്നും എഫ് ബി ഐ അറിയിച്ചു.
ന്യൂയോർക്ക് സിറ്റിയിലെ മാസീസ് ഫയർവർക്ക്സ് ആഘോഷം പോലുള്ള ജൂലൈ 4 ലെ പരിപാടികൾക്ക് നേരെ ഭീകരാക്രമണ ഭീഷണി ഉണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇറാനെയും ഹമാസിനെയും പിന്തുണയ്ക്കുന്ന ഭീകരർ അമേരിക്കയിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ലക്ഷ്യം വയ്ക്കുമെന്നാണ് സൂചന. ഭീഷണി ന്യൂയോർക്കിൽ മാത്രം ഒതുങ്ങുന്നില്ലെന്നും രാജ്യവ്യാപകമായി വലിയ ഒത്തുചേരലുകളിലേക്ക് വ്യാപിച്ചേക്കാമെന്നും ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിന് ഫെഡറൽ, പ്രാദേശിക നിയമ നിർവ്വഹണ ഏജൻസികളുമായി എല്ലാവരും സഹകരിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post