തോൽവി ഉറപ്പായ മത്സരത്തിലൊക്കെ ജയിച്ചുകയറി എതിരാളികൾക്ക് ഞെട്ടൽ സമ്മാനിച്ച അനേകം പോരാട്ടങ്ങൾ നമ്മൾ ക്രിക്കറ്റിൽ കണ്ടിട്ടുണ്ട്. എന്നാൽ ചില തിരിച്ചുവരവുകൾ വന്ന രീതി നമുക്ക് കാണുമ്പോഴും കേൾക്കുമ്പോഴും നമുക്ക് അതിശയം തോന്നും. ഒന്ന് ഉറങ്ങി എഴുന്നേറ്റ് കഴിഞ്ഞപ്പോൾ ഫലം മാറി മറിഞ്ഞ ഒരു ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന്റെ കഥ നിങ്ങളിൽ ചിലർ എങ്കിലും കേട്ടിട്ട് ഉണ്ടാകും. അതെ ഒന്ന് ഉറങ്ങി എഴുനേറ്റപ്പോഴാണ് അത് വരെ ജയം ഉറപ്പിച്ച പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ മത്സരം ജയിച്ചത്.
ഓസ്‌ട്രേലിയയിൽ നടന്ന ബെൻസൺ & ഹെഡ്ജസ് വേൾഡ് ചാമ്പ്യൻഷിപ്പ് നേടിയതിനു ശേഷമായിരുന്നു ഇന്ത്യ പാകിസ്ഥാനെ നേരിടാനുള്ള പരമ്പര കളിക്കാൻ എത്തുന്നത്. ബെൻസൺ & ഹെഡ്ജസ് വേൾഡ് ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാനെ ഫൈനലിൽ അടക്കം ടൂർണമെന്റിൽ ഇന്ത്യ രണ്ട് തവണ കീഴടക്കുകയും ചെയ്തിരുന്നു.
എന്നിരുന്നാലും, അന്ന് പാകിസ്ഥാൻ അതിന് പ്രതികാരം ചെയ്യാൻ തന്നെയാണ് അന്ന് ഗ്രൗണ്ടിൽ ഇറങ്ങിയത്. ഇമ്രാൻ ഖാന്റെ മിന്നും ബോളിങ്ങിന് മുന്നിൽ ഇന്ത്യ 34-5 എന്ന നിലയിലേക്ക് വേണു. ആ 5 വിക്കറ്റുകളും ഇമ്രാൻ തന്നെയാണ് നേടിയത്. ഇന്ത്യക്കായി മുഹമ്മദ് അസ്ഹറുദ്ദീനും (47) കപിൽ ദേവും (30) മാത്രമാണ് ചെറുത്തുനിൽപ്പ് നടത്തിയത്. എന്തായാലും ഒടുവിൽ ഇന്ത്യ 125 റൺസിന് പുറത്തായി.
6-14 എന്ന നിലയിൽ മികച്ച സ്പെൽ എറിഞ്ഞ ഇമ്രാൻ, ആ ഒരു പാകിസ്ഥാനിയുടെ ഏറ്റവും മികച്ച ബോളിങ് ഫിഗറും സ്വന്തമാക്കി. ഫലം എന്തായാലും, അദ്ദേഹത്തെ ആ മികവിന് പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു. ഇന്ത്യ 42.4 ഓവറിൽ ഓൾ ഔട്ടായി, അതായത് അടുത്ത ഇന്നിംഗ്സ് തുടരാനുള്ള ഇടവേള ഒന്നര മണിക്കൂർ ആയി കിട്ടി. ഉച്ചഭക്ഷണത്തിന്റെ സമയം കൂടി ചേർത്തായിരുന്നു ഇത്. എല്ലാവരും ഇന്ത്യ തോറ്റു എന്ന് ഉറപ്പിച്ച സമയം ആയിരുന്നു അത്.
“ഉച്ചഭക്ഷണ ഇടവേള ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അത്ഭുതകരമായിരുന്നു. ആരും ഭക്ഷണം കഴിക്കാൻ ആഗ്രഹിച്ചില്ല. എല്ലാ താരങ്ങളും കിടന്നുറങ്ങാൻ പോയി. ഇപ്പോൾ ഓർക്കുമ്പോൾ തമാശയാണ്, പക്ഷെ അതാണ് അന്ന് സംഭവിച്ചത് ”അന്ന് ടീമിൽ ഉണ്ടായിരുന്ന കപിൽ ദേവ് പറഞ്ഞു.
പാകിസ്ഥാൻ ഇന്നിങ്സിന്റെ തുടക്കത്തിൽ മൊഹീന്ദർ അമർനാഥ് നേരിട്ടുള്ള ഒരു ഹിറ്റിലൂടെ മൊഹ്‌സിൻ ഖാനെ തുടക്കത്തിൽ തന്നെ റണ്ണൗട്ടാക്കി മടക്കി. ശേഷം മുദാസർ നാസറും റമീസ് രാജയും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ പാകിസ്ഥാൻ പെട്ടെന്ന് വിജയം നേടുമെന്ന് തോന്നി. അവർ 35 – 1 എന്ന നിലയിൽ ആയിരുന്നു.
പിന്നീട് ആയിരുന്നു ട്വിസ്റ്റ്. റോജർ ബിന്നിയും രവി ശാസ്ത്രിയും മികച്ച രീതിയിൽ പന്തെറിഞ്ഞു. എൽ ശിവരാമകൃഷ്ണൻ രണ്ട് വിക്കറ്റുകൾ വേഗത്തിൽ വീഴ്ത്തി, പെട്ടെന്ന് പാകിസ്ഥാൻ 41-5 എന്ന നിലയിലെത്തി. റമീസും സലീം മാലിക്കും ചേർന്ന് സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും ഗുണം ഉണ്ടായില്ല. അവസാനം വാലറ്റത്തെ കപിൽ ദേവ് തീർത്തതോടെ 87 റൺസിന് പാകിസ്ഥാൻ പുറത്തായി.
ചുരുക്കി പറഞ്ഞാൽ ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോൾ വീര്യം കൂടിയ ഇന്ത്യ അപ്രതീക്ഷിതമായത് നേടി എന്ന് പറയാം. ഉറങ്ങുന്നവരെ ഇനി മുതൽ ആരും ശല്യപ്പെടുത്തേണ്ട, അവർ എഴുന്നേൽക്കുമ്പോൾ കൂടുതൽ ഊർജം ഉണ്ടാകും എന്ന് ഈ മത്സരം പഠിപ്പിക്കുന്നു.
Discussion about this post