ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്ന് ഉണ്ടായ ഉരുൾപൊട്ടലിൽ കുടുങ്ങിപ്പോയ കേദാർനാഥ് തീർത്ഥാടകർക്ക് രക്ഷയായി എസ്ഡിആർഎഫ്. സോൻപ്രയാഗിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കുടുങ്ങിക്കിടന്നിരുന്ന 40 തീർത്ഥാടകരെ സംസ്ഥാന ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി. ബുധനാഴ്ച രാത്രി 10 മണിയോടെ പെട്ടെന്നുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം തീർത്ഥാടകർ കുടുങ്ങി പോവുകയായിരുന്നു.
കേദാർനാഥ് യാത്രാ റൂട്ടിലെ ഒരു പ്രധാന ഗതാഗത കേന്ദ്രമായ സോൻപ്രയാഗിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. ഉരുൾപൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും അവശിഷ്ടങ്ങൾ നിറഞ്ഞ് റോഡുകളും ഗതാഗതവും തടസ്സപ്പെട്ടു. രാത്രിയിൽ ഉയർന്ന അപകടസാധ്യതയുള്ള മേഖലയായിട്ടും വേഗത്തിൽ പ്രതികരിച്ചുകൊണ്ട് എസ്ഡിആർഎഫ് ടീമുകൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. കുടുങ്ങിക്കിടക്കുന്ന തീർത്ഥാടകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായി അപകടകരമായ ഭൂപ്രദേശങ്ങളിലൂടെ എസ്ഡിആർഎഫ് സംഘം നടത്തിയ രക്ഷാപ്രവർത്തനം 40 തീർത്ഥാടകർക്ക് രക്ഷയായി.
ശക്തമായ മഴയെ തുടർന്ന് ഉത്തരാഖണ്ഡിൽ ആകെ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ഉംട്ടയിലെ ബദ്രിഷ് ഹോട്ടലിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ബദ്രിനാഥ് ദേശീയ പാത തടസ്സപ്പെട്ടു. യമുനോത്രി ദേശീയപാതയ്ക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സിലായ് ബന്ദിനും ഓജ്‌രിക്കും ഇടയിലുള്ള റോഡിന്റെ ചില ഭാഗങ്ങൾ തുടർച്ചയായ മഴയിൽ ഒലിച്ചുപോയി. തീർത്ഥാടകരെയും താമസക്കാരെയും സഹായിക്കുന്നതിനായി എസ്ഡിആർഎഫ്, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), പ്രാദേശിക പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ഒന്നിലധികം ഏജൻസികൾ ചേർന്ന് ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനം നടപടികൾ സ്വീകരിക്കുന്നത് പൊതുജനങ്ങൾക്ക് വലിയ ആശ്വാസമാകുന്നുണ്ട്.
Discussion about this post