കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ആരോഗ്യ മന്ത്രിയെ കുറ്റപ്പെടുത്തി രോഗികൾ. തകർന്നുവീണത് ഉപയോഗിക്കാത്ത കെട്ടിടം ആണെന്ന ആരോഗ്യ മന്ത്രി വീണ ജോർജിന്റെ വാദം രോഗികൾ തള്ളി. കെട്ടിടത്തിലെ ശുചിമുറി നിരവധി പേർ ഉപയോഗിച്ചിരുന്നു. അപകടം ഉണ്ടായ സമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന നിരവധിപേർ ഓടിമാറുകയായിരുന്നു എന്നും രോഗികൾ വെളിപ്പെടുത്തി.
ആളൊഴിഞ്ഞ കെട്ടിടമാണ് എന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയാണ് രക്ഷാപ്രവർത്തനം വൈകിപ്പിച്ചത് എന്നാണ് മെഡിക്കൽ കോളേജിലെ അപകടത്തിൽ ആരോപണം ഉയരുന്നത്. തകർന്നുവീണ കെട്ടിടത്തിനുള്ളിൽ കുടുങ്ങി മരിച്ച സ്ത്രീ രണ്ടു മണിക്കൂറോളം ആണ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നത്. നേരത്തെ രക്ഷാപ്രവർത്തനം നടത്തിയിരുന്നെങ്കിൽ ഇവരുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു എന്നാണ് ആരോപണമായിരുന്നത്.
ശോചനീയാവസ്ഥയിൽ ആയിരുന്ന ഈ കെട്ടിടം ഉപയോഗിക്കുന്നതിൽ നിന്നും രോഗികളെയോ കൂട്ടിരിപ്പുകാരെയോ വിലക്കിയിരുന്നില്ല എന്നാണ് വ്യക്തമാകുന്നത്. രോഗിയായ മകളുടെ കൂട്ടിരിപ്പിനായി ആശുപത്രിയിൽ എത്തിയിരുന്ന ബിന്ദു ആണ് അപകടത്തിൽ കൊല്ലപ്പെട്ടത്. തകർന്നുവീണ കെട്ടിടത്തിലെ ശുചിമുറിയിൽ കുളിക്കാനായി കയറിയപ്പോൾ ആയിരുന്നു ബിന്ദു അപകടത്തിൽപ്പെട്ടത്. അപകടം നടന്ന് മണിക്കൂറുകൾക്കു ശേഷം ബിന്ദുവിനെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയെ തുടർന്നാണ് കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്താൻ അധികൃതർ തയ്യാറായത് എന്നാണ് വ്യക്തമാവുന്നത്.
Discussion about this post