ടോക്യോ : തുടർച്ചയായി ഉണ്ടാകുന്ന ഭൂകമ്പങ്ങളാൽ വലഞ്ഞിരിക്കുകയാണ് തെക്കു പടിഞ്ഞാറൻ ജപ്പാൻ. അകുസേകി ദ്വീപിൽ വ്യാഴാഴ്ച റിക്ടർ സ്കെയിലിൽ ആറ് രേഖപ്പെടുത്തിയ ഭൂകമ്പം ആണ് ഉണ്ടായത്. കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ ആയിരത്തിലേറെ ഭൂകമ്പങ്ങളാണ് ഇവിടെ ഉണ്ടായത്.
ക്യൂഷു മേഖലയുടെ തെക്ക് ഭാഗത്തുള്ള ടോകാര ദ്വീപ് ശൃംഖലയുടെ ഭാഗമാണ് അകുസെകി, ജൂൺ 21 മുതൽ 1,031 ഭൂകമ്പങ്ങൾ ഇവിടെ അനുഭവപ്പെട്ടു. അകുസെകി ദ്വീപിന്റെ തെക്കുപടിഞ്ഞാറൻ തീരത്ത് ഏകദേശം 20 കിലോമീറ്റർ താഴ്ചയിലാണ് ഏറ്റവും പുതിയ ഭൂകമ്പം ഉണ്ടായത്. ഇതോടെ ദ്വീപ് നിവാസികളായ 89 പേരെയും ഒഴിപ്പിച്ചിരിക്കുകയാണ് ജപ്പാൻ. ഗ്രാമം ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചതിനെത്തുടർന്ന് ദ്വീപിലെ ആളുകൾ ഒരു സ്കൂളിൽ അഭയം തേടി.
ടോകര ദ്വീപുകളിൽ ഏഴെണ്ണത്തിൽ ആണ് ജനവാസമുള്ളത്. ആകെ 700ഓളം പേരാണ് ഈ ദീപുകളിൽ താമസിക്കുന്നത്. ഇന്ന് ഉണ്ടായ ഭൂകമ്പത്തിൽ സുനാമി സാധ്യത ഇല്ലെന്നാണ് ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ ഭൂകമ്പ, സുനാമി നിരീക്ഷണ വിഭാഗം ഡയറക്ടർ അറിയിച്ചിട്ടുള്ളത്. 2023 സെപ്റ്റംബറിൽ ടോകാര പ്രദേശത്ത് സമാനമായ രീതിയിൽ തുടർച്ചയായ ഭൂകമ്പങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ആ വർഷം 346 ഭൂകമ്പങ്ങൾ മാത്രമായിരുന്നു ഉണ്ടായത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ആയിരത്തിലേറെ ഭൂകമ്പങ്ങൾ സംഭവിച്ചതിനാൽ കടുത്ത ആശങ്കയിലാണ് ഈ ദ്വീപുകളിലെ ജനങ്ങൾ.
Discussion about this post