അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ച് റഷ്യ. താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്ന ആദ്യത്തെ രാജ്യമാണ് റഷ്യ. താലിബാൻ വിദേശകാര്യ വക്താവ് സിയ അഹമ്മദ് തക്കാൽ ആണ് ഇക്കാര്യം അറിയിച്ചത്. റഷ്യയുടേത് ധീരമായ തീരുമാനമെന്ന് താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി വിശേഷിപ്പിച്ചു. ഈ ധീരമായ തീരുമാനം മറ്റുരാജ്യങ്ങൾക്ക് മാതൃകയാകുമെന്നും റഷ്യ എല്ലാവരെക്കാളും മുൻപിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ റഷ്യൻ അംബാസഡർ ദിമിത്രി ഷിർനോവും അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയും വ്യാഴാഴ്ച കാബൂളിൽവെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ താലിബാൻ ഭരണകൂടത്തെ അംഗീകരിച്ചുള്ള റഷ്യൻ സർക്കാരിന്റെ തീരുമാനം അംബാസഡർ അറിയിച്ചു. ഇതിനുപിന്നാലെയായിരുന്നു പ്രഖ്യാപനം.
2021 ലാണ് അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും അധികാരത്തിലെത്തിയത്. 2022ൽ താലിബാൻ സർക്കാരുമായി റഷ്യ അന്താരാഷ്ട്ര സാമ്പത്തിക കരാറിലും ഒപ്പിട്ടിരുന്നു. ഇതിനുപിന്നാലെ 2025 ഏപ്രിലിൽ താലിബാനെ തീവ്രവാദസംഘടനകളുടെ പട്ടികയിൽനിന്ന് റഷ്യ നീക്കംചെയ്യുകയുമുണ്ടായി.
2021 ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ വന്നതിനുശേഷം റഷ്യ കാബൂളിലെ എംബസി തുറന്നിരുന്നു. താലിബാൻ നേതാക്കളുമായി അവർ ഇടപഴകുന്നുണ്ട്. ‘വ്യാപാര, സാമ്പത്തിക മേഖലകളിൽ സഹകരണത്തിന് കാര്യമായ സാധ്യതകൾ’ കാണുന്നതായും ഊർജ്ജം, ഗതാഗതം, കൃഷി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ പദ്ധതികളിൽ പ്രവർത്തിക്കാൻ പ്രതീക്ഷിക്കുന്നതായും റഷ്യൻ സർക്കാർ പറഞ്ഞു. വിദ്യാഭ്യാസം, സംസ്‌കാരം, കായികം, മാനുഷിക പ്രവർത്തനങ്ങൾ എന്നിവയിൽ ശക്തമായ ബന്ധം കെട്ടിപ്പടുക്കാനുള്ള പദ്ധതികളെക്കുറിച്ചും റഷ്യ പരാമർശിച്ചു.
Discussion about this post