ഗാന്ധിനഗർ : ഗുജറാത്തിൽ നിന്ന് 250 അനധികൃത ബംഗ്ലാദേശി പൗരന്മാരെ ധാക്കയിലേക്ക് നാടുകടത്തി ഇന്ത്യൻ സർക്കാർ. കർശനമായ സുരക്ഷയ്ക്കിടെ വഡോദര വ്യോമസേനാ താവളത്തിൽ നിന്ന് പ്രത്യേക ഐഎഎഫ് വിമാനത്തിലാണ് നാടുകടത്തൽ നടത്തിയത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ എല്ലാ ബംഗ്ലാദേശി പൗരന്മാരുടെയും കൈകൾ വിലങ്ങിട്ട് ബന്ധിച്ചാണ് ദൗത്യം പൂർത്തിയാക്കിയത്.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഗുജറാത്തിൽ നിന്നും നിയമവിരുദ്ധമായി താമസിക്കുന്ന 1,200-ലധികം ബംഗ്ലാദേശി പൗരന്മാരെ കണ്ടെത്തി നാടുകടത്തിയിട്ടുണ്ട്. അഹമ്മദാബാദ്, സൂററ്റ്, വഡോദര, രാജ്കോട്ട് തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്നുമാണ് രേഖകളില്ലാത്ത കുടിയേറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നത്. പോലീസ് സംരക്ഷണത്തിൽ അവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബസുകളിൽ വ്യോമസേന വിമാനത്താവളത്തിലേക്ക് കൊണ്ടുവന്ന് നാടുകടത്തൽ നടപടികൾ പൂർത്തീകരിക്കുകയായിരുന്നു.
കേന്ദ്ര സുരക്ഷാ ഏജൻസികളുമായി ഏകോപിപ്പിച്ച്, എല്ലാ അനധികൃത വിദേശ പൗരന്മാരെയും പുറത്താക്കാനുള്ള ശ്രമങ്ങൾ ഗുജറാത്ത് സർക്കാർ ശക്തമാക്കിവരികയാണ്. വ്യാജ ആധാർ, പാൻ കാർഡുകൾ ഉൾപ്പെടെ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് പല അനധികൃത ബംഗ്ലാദേശി പൗരന്മാരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞുവരുന്നത്. പ്രാദേശിക ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ഏകോപിത റെയ്ഡുകളുടെ ഒരു പരമ്പരയെ തുടർന്നാണ് ഏറ്റവും പുതിയ നാടുകടത്തലുകൾ. വരും ആഴ്ചകളിലും സമാനമായ പ്രവർത്തനങ്ങൾ തുടരുമെന്ന് ഗുജറാത്ത് പോലീസും കേന്ദ്ര ഏജൻസികളും അറിയിച്ചു.
Discussion about this post