തിരുവനന്തപുരം : അറസ്റ്റിലായ പാകിസ്താൻ ചാര ജ്യോതി മൽഹോത്ര കേരളത്തിൽ എത്തിയിരുന്നു എന്ന വാർത്ത ഞെട്ടലോടെ ആയിരുന്നു മലയാളികൾ കേട്ടിരുന്നത്. എന്നാൽ ജ്യോതി മൽഹോത്രയെ കേരളത്തിൽ എത്തിച്ചത് സംസ്ഥാന സർക്കാർ തന്നെയാണ്. കേരള ടൂറിസം വകുപ്പിന്റെ പ്രമോഷന് വേണ്ടിയാണ് ജ്യോതി മൽഹോത്ര കേരളത്തിൽ എത്തിയത് എന്നുള്ളതിന്റെ വിവരാവകാശരേഖ പുറത്തുവന്നു.
സമൂഹമാധ്യമ ഇൻഫ്ലുവൻസർമാരെ വെച്ച് കേരള ടൂറിസത്തിന് പ്രമോഷൻ കൊടുത്ത ടൂറിസം വകുപ്പാണ് ജ്യോതി മൽഹോത്രയെ കേരളത്തിൽ എത്തിച്ചത്. 41 സമൂഹമാധ്യമ ഇൻഫ്ലുവൻസർമാരാണ് പട്ടികയിൽ ഉണ്ടായിരുന്നത്. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ തന്ത്രപ്രധാന മേഖലകളിലടക്കം ജ്യോതി മൽഹോത്ര ഉൾപ്പെടുന്ന സംഘം സന്ദർശനം നടത്തി. ഇവരുടെ താമസവും ഭക്ഷണവും യാത്രാചെലവുകളും എല്ലാം സംസ്ഥാന ടൂറിസം വകുപ്പാണ് വഹിച്ചിരുന്നത്.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ പാകിസ്താന് കൈമാറി എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ജ്യോതി മൽഹോത്രയെ അറസ്റ്റ് ചെയ്തത്. ഇപ്പോൾ കേരള സർക്കാർ തന്നെ ഇവരെ സംസ്ഥാനത്തെ തന്ത്രപ്രധാന മേഖലകളിലേക്ക് കൊണ്ടുവന്നു എന്നാണ് വെളിപ്പെട്ടിരിക്കുന്നത്. കൊച്ചിൻ ഷിപ്പ് യാർഡും മട്ടാഞ്ചേരിയിലെ ചരിത്ര പ്രാധാന്യമുള്ള ആരാധനാലയങ്ങളും ഉൾപ്പെടെ ജ്യോതി മൽഹോത്ര കേരള ടൂറിസം വകുപ്പിന്റെ ചിലവിൽ സന്ദർശിച്ചു. ചാരവൃത്തി നടത്തിയതിന് ഇന്ത്യ പുറത്താക്കിയ ഇന്ത്യയിലെ പാകിസ്താൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥന്‍ എഹ്സാനുർ റഹിമുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന വ്യക്തി കൂടിയാണ് ജ്യോതി മൽഹോത്ര. ജ്യോതി മൽഹോത്രയുടെ കേരളത്തിലെ യാത്രയുടെയും വിവരങ്ങൾ അന്വേഷണ ഏജൻസികൾ ശേഖരിച്ചിട്ടുണ്ട്.
Discussion about this post