ഇസ്ലാമാബാദ് : മുൻ പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ-സർദാരിയെ തള്ളിപ്പറഞ്ഞ് ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ്. ബിലാവൽ ഭൂട്ടോ ‘രാഷ്ട്രീയമായി പക്വതയില്ലാത്ത കുട്ടി’ ആണെന്നാണ് പി.ടി.ഐ വക്താവ് ഷെയ്ഖ് വഖാസ് അക്രം വിശേഷിപ്പിച്ചത്. ഇന്ത്യയുമായി ചർച്ച നടത്തുന്നതിന് ഹാഫിസ് സയീദിനെയും മസൂദ് അസറിനെയും വിട്ടുകൊടുക്കുന്ന കാര്യം ആലോചിക്കണം എന്ന ബിലാവൽ ഭൂട്ടോയുടെ പരാമർശം ആണ് ഇമ്രാൻ ഖാന്റെ പാർട്ടിയുടെ വിമർശനത്തിന് കാരണം.
പാകിസ്താൻ പീപ്പിൾസ് പാർട്ടി സ്ഥാപിതമായതിന്റെ അടിസ്ഥാന തത്വങ്ങൾ ബിലാവൽ ഭൂട്ടോ സർദാരി ഉപേക്ഷിച്ചുവെന്ന് പി.ടി.ഐ സൂചിപ്പിച്ചു. ബിലാവലിന് രാഷ്ട്രീയ കാഴ്ചപ്പാടില്ലെന്നും പ്രാദേശിക ഭൂരാഷ്ട്രീയത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നും പി.ടി.ഐ വക്താവ് ഷെയ്ഖ് വഖാസ് അക്രം അഭിപ്രായപ്പെട്ടു. ഇന്ത്യയെ പ്രീതിപ്പെടുത്താൻ ഉള്ള ബിലാവൽ ഭൂട്ടോയുടെ ശ്രമം ആഗോള വേദികളിൽ രാജ്യത്തെ നാണം കെടുത്തുകയാണെന്നും പി.ടി.ഐ അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ച അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് പാകിസ്താൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ ബിലാവൽ ഭൂട്ടോ ഈ വിവാദമായ പ്രസ്താവന നടത്തിയത്. ഇന്ത്യയുമായുള്ള സൗഹൃദ സംഭാഷണങ്ങൾ തുടരുന്നതിനായി ആശങ്കയുള്ള വ്യക്തികളെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് അദ്ദേഹം പരാമർശിച്ചു. ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) തലവൻ ഹാഫിസ് സയീദിനെയും ജെയ്‌ഷെ-ഇ-മുഹമ്മദ് (ജെഎം) തലവൻ മസൂദ് അസറിനെയും ഇന്ത്യയ്ക്ക് വിട്ടുകൊടുക്കുന്നതിനെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് ആയിരുന്നു അതിനെക്കുറിച്ച് പാകിസ്താൻ സർക്കാർ ആലോചിക്കണമെന്ന് ബിലാവൽ ഭൂട്ടോ പറഞ്ഞത്.
Discussion about this post