തൃശ്ശൂർ : ഗുരുവായൂർ ദർശനത്തിനായി എത്തിയ ഉപരാഷ്ട്രപതിക്ക് മുൻപിൽ തടസ്സമായി കനത്ത മഴ. ഉപരാഷ്ട്രപതി ജഗദീപ് ധൻകർ കുടുംബത്തോടൊപ്പം ആയിരുന്നു ഗുരുവായൂരിലേക്ക് വരാനിരുന്നത്. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ ഗുരുവായൂരിൽ ഇറക്കാൻ കഴിയാതെ വരികയായിരുന്നു. കനത്ത മഴ തുടർന്നതോടെ ഉപരാഷ്ട്രപതിയും കുടുംബവും കൊച്ചിയിലേക്ക് മടങ്ങി.
കൊച്ചി കളമശ്ശേരിയിലെ നാഷ്ണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിലെ സംവാദ പരിപാടിയിൽ പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി കേരളത്തിൽ എത്തിയിരിക്കുന്നത്. കൊച്ചിയിൽ നടക്കുന്ന പരിപാടിക്ക് മുമ്പായി രാവിലെ ഗുരുവായൂരിൽ ദർശനം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഗുരുവായൂരപ്പനെ കാണാനായി ഉപരാഷ്ട്രപതിയും കുടുംബവും യാത്ര തിരിച്ചെങ്കിലും കനത്ത മഴ കാരണം ഗുരുവായൂർ ശ്രീകൃഷ്ണ കോളജിന്റെ ഹെലിപ്പാഡിൽ ഹെലികോപ്ടർ ഇറക്കാനാവാതെ വന്നതോടെ തിരികെ പോവുകയായിരുന്നു.
രാവിലെ 11 മണിയോടെയാണ് കൊച്ചിയിലെ അദ്ദേഹത്തിന്റെ പരിപാടി നിശ്ചയിച്ചിട്ടുള്ളത്. ഈ പരിപാടിക്ക് ശേഷം കാലാവസ്ഥ അനുകൂലമാണെങ്കിൽ അദ്ദേഹം ഗുരുവായൂർ ക്ഷേത്രദർശനം നടത്തും. തുടർന്ന് 12.35ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉപരാഷ്ട്രപതി ഡൽഹിക്ക് മടങ്ങും.
Discussion about this post