ന്യൂഡൽഹി : സുരക്ഷാ അനുമതി റദ്ദാക്കിയതിനെതിരെ തുർക്കി കമ്പനിയായ സെലിബി ഏവിയേഷൻ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഡൽഹി വിമാനത്താവളത്തിലെ ഗ്രൗണ്ട് അധിഷ്ഠിത പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തിരുന്ന ഏവിയേഷൻ കമ്പനി ആയിരുന്നു സെലിബി. ഓപ്പറേഷൻ സിന്ദൂറിന് ശേഷം തുർക്കിയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ദേശീയ സുരക്ഷ കണക്കിലെടുത്ത് തുർക്കി പ്രസിഡന്റിന്റെ മകളുടെ ഉടമസ്ഥതയിലുള്ളതായി കരുതപ്പെടുന്ന സെലിബിക്ക് വിമാനത്താവള പ്രവർത്തനങ്ങൾക്കുള്ള അനുമതി കേന്ദ്രസർക്കാർ റദ്ദാക്കിയിരുന്നത്.
കേന്ദ്രസർക്കാരിന്റെ തീരുമാനം ചോദ്യം ചെയ്ത് സെലിബി ഡൽഹി ഹൈക്കോടതിയിൽ നൽകിയിരുന്ന ഹർജിയാണ് തള്ളിയത്. സുരക്ഷാ അനുമതി റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ഏകപക്ഷീയവും അവ്യക്തമായ സുരക്ഷാ ആശങ്കകളെ അടിസ്ഥാനമാക്കിയുള്ളതുമാണെന്നായിരുന്നു സെലെബി എയർപോർട്ട് സർവീസസ് ഇന്ത്യ ഹർജിയിൽ സൂചിപ്പിച്ചിരുന്നത്. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ തീരുമാനം ശരിവെച്ച ഹൈക്കോടതി
ദേശീയ സുരക്ഷയാണ് പ്രധാനം എന്ന് വ്യക്തമാക്കി.
ജസ്റ്റിസ് സച്ചിൻ ദത്തയാണ് ഹർജി പരിഗണിച്ചത്. സെലിബി എയർപോർട്ട് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗി കോടതിയിൽ വാദിച്ചു. മെയ് 23 ന് വാദം കേൾക്കൽ പൂർത്തിയായ കേസിൽ ഡൽഹി ഹൈക്കോടതി ഇന്നാണ് വിധി പുറപ്പെടുവിച്ചത്. സെലിബിക്ക് മുൻകൂർ നോട്ടീസ് നൽകാതെയാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം ലൈസൻസ് റദ്ദാക്കിയത് എന്ന വാദം കോടതി തള്ളിക്കളഞ്ഞു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ മുൻകൂർ നോട്ടീസ് നൽകാതെ തന്നെ കേന്ദ്രസർക്കാരിന് നടപടി സ്വീകരിക്കാമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം ശരി വെച്ച് കൊണ്ടാണ് ഹൈക്കോടതി തുർക്കി കമ്പനിയുടെ ഹർജി തള്ളിയത്.
Discussion about this post