തിരുവനന്തപുരം : പൊതുമേഖലാ സ്വകാര്യവൽക്കരണം, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ എന്നിവയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി നാളെ ദേശീയ പണിമുടക്ക്. 10 തൊഴിലാളി സംഘടനകൾ ചേർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളുടെ 17 ആവശ്യങ്ങൾ നടപ്പാക്കണം എന്നാണ് സംയുക്ത ട്രേഡ് യൂണിയനുകളുടെ ആവശ്യം.
തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ കേന്ദ്ര സർക്കാർ ഉപേക്ഷിക്കുക എന്നതാണ് സമരം ചെയ്യുന്ന തൊഴിലാളി സംഘടനകൾ ഉയർത്തുന്ന പ്രധാന ആവശ്യം. ട്രേഡ് യൂണിയനുകളുടെ ഇടപെടൽ തൊഴിൽ മേഖലയിൽ കുറയുന്നതിന് ഈ ലേബർ കോഡുകൾ കാരണമാകും എന്നുള്ളതാണ് തൊഴിലാളി സംഘടനകളെ ആശങ്കയിലാക്കുന്നത്. എല്ലാ സംഘടിത തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും സ്കീം വർക്കർമാർക്കും പ്രതിമാസം 26,000 രൂപ മിനിമം വേതനം ഉറപ്പാക്കണം എന്ന ആവശ്യവും തൊഴിലാളി സംഘടനകൾ മുന്നോട്ടുവയ്ക്കുന്നു.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്യുഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ തൊഴിലാളി സംഘടനകൾ ആണ് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വാണിജ്യ – വ്യവസായ മേഖലയിലെ തൊഴിലാളികളും, കേന്ദ്ര – സംസ്ഥാന സർക്കാർ ജീവനക്കാരും പണിമുടക്കിൽ പങ്കാളികളാകും എന്നാണ് തൊഴിലാളി സംഘടനകൾ അറിയിക്കുന്നത്. അതേസമയം അവശ്യസർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയതായും സംയുക്ത ട്രേഡ് യൂണിയനുകൾ അറിയിച്ചു.
Discussion about this post