ന്യൂഡൽഹി : അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയത്തിൽ വോട്ട് ചെയ്യുന്നതിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ. ഭീകരവാദ കേന്ദ്രങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയും അഫ്ഗാൻ ജനതയുടെ മാനുഷിക, വികസന ആവശ്യങ്ങൾക്കുള്ള പിന്തുണ വ്യക്തമാക്കിയും ആണ് യു എൻ സുരക്ഷാ കൗൺസിൽ പ്രമേയം കൊണ്ടുവന്നിരുന്നത്. പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതായി ഇന്ത്യയുടെ യുഎൻ പ്രതിനിധി പർവ്വതനേനി ഹരീഷ് അറിയിച്ചു.
ശിക്ഷാധിഷ്ഠിത നയങ്ങൾക്ക് പകരം സന്തുലിതമായ ഒരു തന്ത്രമാണ് ഇന്ത്യ ആവശ്യപ്പെടുന്നത് എന്ന് യുഎന്നിലെ ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്റെ സമാധാനം, സ്ഥിരത, വികസനം എന്നിവയിൽ ഇന്ത്യയുടെ പങ്കാളിത്തം തുടരുമെന്ന് ഇന്ത്യ ആവർത്തിച്ചു. 2025 ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തെ അഫ്ഗാൻ പക്ഷം ശക്തമായി അപലപിച്ചതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു എന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ വ്യക്തമാക്കി.
പുതിയതും പ്രത്യേകവുമായ നടപടികളില്ലാതെ, ലോകം മുഴുവൻ പ്രതീക്ഷിക്കുന്ന മാറ്റം അഫ്ഗാൻ ജനതയ്ക്ക് സാധാരണ രീതിയിൽ വരില്ലെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ സൂചിപ്പിച്ചു. 193 അംഗ യുഎൻ പൊതുസഭയിൽ 116 രാജ്യങ്ങൾ അഫ്ഗാനിസ്ഥാനെതിരായ പ്രമേയത്തെ പിന്തുണച്ചു. ഇന്ത്യ ഉൾപ്പെടെ 12 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സാഹചര്യം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് പ്രമേയ ചർച്ചയിൽ ഇന്ത്യ അറിയിച്ചു. അഫ്ഗാനിസ്ഥാനുമായുള്ള ചരിത്രപരവും സാംസ്കാരികവുമായ അടുപ്പം കണക്കിലെടുത്താണ് ഇന്ത്യയുടെ നയം രൂപീകരിച്ചിരിക്കുന്നതെന്നും ഐക്യരാഷ്ട്രസഭയിൽ ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി.
Discussion about this post